ക്വാറന്‍റീന്‍ ലംഘിക്കുന്നവരെ പാര്‍പ്പിപ്പിക്കാന്‍ പ്രത്യേക സ്ഥലം കണ്ടെത്തണം. ഇത്തരക്കാരുടെ കയ്യില്‍ നിന്ന് ക്വാറന്‍റീന്‍ ചിലവ് ഈടാക്കണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കേസുകളും ടിപിആറും കുതിച്ചുയരുമ്പോഴും ഇനിയും കേരളം പൂർണ്ണമായി അടച്ചിടില്ല. സംസ്ഥാനത്ത് ഇനി പൂർണ്ണമായ അടച്ചിടൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാർഡുതല സമിതികൾ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. രണ്ടാം തരംഗത്തിൽ വാർഡുതല സമിതികൾ പിന്നോട്ട് പോയെന്നും തദ്ദേശ പ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി വിമർശിച്ചു. 

വാർഡുതല സമിതികൾ, അയൽപ്പക്ക നിരീക്ഷണം, സിഎഫ്എൽടിസികൾ, ഡൊമിസിലറി കേന്ദ്രങ്ങൾ, ആർആർടികൾ എല്ലാം വീണ്ടും ശക്തിപ്പെടുത്തും. ക്വാറന്‍റീന്‍ ലംഘകരെ കണ്ടെത്തിയാൽ കനത്ത പിഴ, ലംഘകരുടെ ചെലവിൽ പ്രത്യേക ക്വാറന്‍റീന്‍, ഇതിനായി പ്രത്യേക കേന്ദ്രം എന്നിവ ഒരുക്കും. രണ്ടാഴ്ച കൊണ്ട് സ്ഥിതി കൂടുതൽ നിയന്ത്രണ വിധേയമാക്കലാണ് ലക്ഷ്യം. 

ഇതിനിടയിലാണ് സംസ്ഥാനം ഇന്ന് 18 വയസ്സിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷൻ 75 ശതമാനം പിന്നിട്ടത്. ഈ മാസത്തിനകം ഇത് 100 ശതമാനമാക്കാനുള്ള യജ്ഞത്തിനിടയിൽ വാക്സീൻ ക്ഷാമം വീണ്ടുമെത്തി. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കോവിഷീൽഡ് തീർന്നു. 1.4 ലക്ഷത്തോളം കോവാക്സിൻ ഉണ്ടെങ്കിലും കോവാക്സിൻ സ്വീകരിക്കാൻ ജനങ്ങൾക്കിടയിലെ വിമുഖത തടസ്സമാവുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.