Asianet News MalayalamAsianet News Malayalam

അപ്രതീക്ഷിത കേന്ദ്രങ്ങളിൽ രോ​ഗം ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി; ചരക്കുവണ്ടികൾ വഴിയും രോ​ഗബാധ

നേരിയ അശ്രദ്ധ പോലും ആരേയും കൊവിഡ് രോഗിയാക്കാം എന്നതിനാലാണ് പരുഷമായി പറയുകയും നിയന്ത്രിക്കേണ്ടിവരുന്നതെന്നും മുഖ്യമന്ത്രി. പൊലീസ് നിയന്ത്രിക്കുന്നതിൽ വിഷമം തോന്നേണ്ട കാര്യമില്ല. എന്നാൽ ബലപ്രയോഗം ഉണ്ടാവരുത് എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

pinarayi vijayan says unexpected centers can cause covid
Author
Thiruvananthapuram, First Published Apr 30, 2020, 6:11 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിതമായ കേന്ദ്രങ്ങളിൽ നിന്നും രോഗബാധയുണ്ടാവുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ഒരുപാട് ഘടകങ്ങളുണ്ടെന്നും അതിൽ ഒന്ന് ചരക്കുവണ്ടികൾ വന്നപ്പോൾ അതിലൂടെ രോഗം പടർന്നതാണ് എന്നാണ് മനസിലാകുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അത്തരത്തിലുള്ള കേസുകൾ കണ്ടെത്താനും ക്വാറന്റൈൻ ചെയ്യാനും സാധിക്കുന്നുണ്ട്. നിയന്ത്രണം അയഞ്ഞാൽ സംസ്ഥാനത്തെ സ്ഥിതി മാറും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നിയന്ത്രണങ്ങൾ വകവെക്കാതെ കൂട്ടം കൂടുന്നത് പലയിടത്തും കാണുന്നുണ്ട്. കടപ്പുറത്ത് മത്സ്യലേലം കൂട്ടം കൂടലിന് ഇടയാക്കും എന്നതിനാലാണ്, മറ്റൊരു സംവിധാനം ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് ആകെ ഈ നീക്കം വിജയിച്ചു. എന്നാൽ, ആൾക്കൂട്ടം ഉണ്ടാവരുതെന്ന കർശന നിർദേശം ലംഘിച്ചും ഇന്നലെ വിഴിഞ്ഞത് മീൻ ലേലം നടന്നു. ചില കമ്പോളങ്ങളിലും കടുത്ത തിരക്ക് അനുഭവപ്പെട്ടു. മലപ്പുറത്ത് ചില അതിഥി തൊഴിലാളികൾ ഇന്ന് പ്രതിഷേധവുമായി രംഗത്ത് വന്നു. ഇത്തരം സംഭവങ്ങൾ നാം എന്താണോ തടയാൻ ആഗ്രഹിക്കുന്നത് അതിനെ വിളിച്ചു വരുത്തലാണ്. ഇതുവരെയുള്ള രോ​ഗികളുടെ വിവരങ്ങൾ എടുത്ത് നോക്കിയാൽ രോ​ഗ പകർച്ചയ്ക്ക് കാരണമായി അശ്രദ്ധ കാണാനാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നേരിയ അശ്രദ്ധ പോലും ആരേയും കൊവിഡ് രോഗിയാക്കാം അതിനാലാണ് പരുഷമായി പറയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടി വരുന്നത്. പൊലീസ് നിയന്ത്രിക്കുന്നതിൽ വിഷമം തോന്നേണ്ട കാര്യമില്ല. എന്നാൽ ബലപ്രയോഗം ഉണ്ടാവരുത് എന്ന് കർശനമായി നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണങ്ങൾ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിലൂടെയാണ് നാം ഇപ്പോൾ കടന്നു പോകുന്നത് എന്ന് എല്ലാവരും മനസിലാക്കാണം. എന്തെങ്കിലും അമിതമായ നിയന്ത്രണം നടപ്പാക്കാനല്ല പൊലീസ് ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ എല്ലാവരും പൊലീസുമായി സഹകരിക്കണം. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായി പാലിക്കാൻ എല്ലാവരും സജ്ജരാകണം. എല്ലാവരും പൊലിസുമായി സഹകരിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികൾക്ക് സാധ്യമായ എല്ലാ സഹായവും നാം ഒരുക്കിയിട്ടുണ്ട്. അവരെ നാട്ടിലേക്ക് തിരിച്ചു വിടാനും നാം തത്പരരാണ്. എന്നാൽ അവരെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാൻ ശ്രമമുണ്ടായാൽ അതു അനുവദിക്കാൻ പറ്റില്ല. അത്തരം ചില നീക്കങ്ങൾ ഉണ്ടാവുന്നതിനാലാണ് ഇങ്ങനെ പറയുന്നത്. റോഡുകൾ അടഞ്ഞു കിടന്നപ്പോൾ കോട്ടയത്ത് നിന്നും ആലപ്പുഴയിലേക്കും മറ്റും കായൽ മാർഗ്ഗം ആളുകളെ എത്തിക്കുന്നതായി വിവരമുണ്ട്. മോട്ടോർ വച്ച ബോട്ടുകൾ ഇങ്ങനെ യാത്ര ചെയ്യുന്നുവെന്നാണ് വിവരം. ഇത്തരം അനധികൃത യാത്ര അനുവദിക്കാനാവില്ല. ഇത് ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios