തിരുവനന്തപുരം: അന്തരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവിനെതിരെ സമരം നടത്തിയ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലിനിയുടെ കുടുംബത്തിനെതിരെ സമരം നടത്തുന്ന കോണ്‍ഗ്രസ് എന്ത് പ്രതിപക്ഷ ധര്‍മ്മമാണ് നിര്‍വഹിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.  

നിപ്പ പ്രതിരോധത്തിടയില്‍ ജീവന്‍ ബലിയിര്‍പ്പിച്ച ലിനിയുടെ ഭര്‍ത്താവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച് നടത്തി. ലിനിയുടെ ജീവത്യാഗം കണ്ണീരോടെയാണ് ലോകം കണ്ടത്. ലോകം ആദരിക്കുന്ന പോരാളിയാണ് ലിനി. നിപ്പക്കെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിയാണ് ആ സഹോദരി. ആകുടുംബത്തെ നമ്മുടെ കുടുംബം എന്ന നിലയിലാണ് എല്ലാവരും കാണുന്നത്. കേരളം മുഴുവന്‍ അങ്ങനെയാണ് കാണുന്നത്. അതിനെ അംഗീകരിക്കണം എന്ന് നിര്‍ബന്ധമില്ല. ആ കുടുംബത്തെ വേട്ടയാടാതിരുന്നുകൂടേ.

എന്തിനാണ്  ലിനിയുടെ കുടുംബത്തിനെതിരെ ഈ ക്രൂരത എന്നതാണ് ആശ്ചര്യകരം. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി കാലത്ത് തന്റെ കൂടെനിന്നത് ആരാണ് എന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞുവെന്നതിന്റെ പേരിലാണ് ഈ പ്രതിഷേധം.  നമ്മുടെ സഹോദരങ്ങള്‍ കൂട്ടത്തോടെ മരിച്ചുവീഴും എന്ന ഭയപ്പെട്ട നിപ്പയെന്ന മാരക രോഗത്തെ ചെറുത്തുതോല്‍പ്പിച്ചു എന്ന അനുഭവമോര്‍ക്കുമ്പോള്‍ കണ്‍മുന്നില്‍ തെളിയുന്ന ആദ്യമുഖം ലിനിയുടേതാണ്.

നിപയെ ചെറുക്കാനും കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കാനും ഏര്‍പ്പെട്ട പ്രവര്‍ത്തനത്തില്‍ ആരോഗ്യമന്ത്രി മുന്നില്‍ തന്നെയുണ്ടായിരുന്നു എന്നത് നാടാകെ അംഗീകരിക്കുന്ന വസ്തുതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിസ്റ്റര്‍ ലിനി കേരളത്തിന്റെ സ്വത്താണ്. ആ കുടുംബത്തിനൊപ്പമാണ് കേരളം. അവര്‍ക്ക് എല്ലാ സുരക്ഷിതത്വവും ഈ നാട് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.