തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങൾ ഒന്നുമില്ലെന്ന് വരുത്തിത്തീര്‍ക്കാൻ ബോധപൂര്‍വ്വം ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . സര്‍ക്കാരിന്‍റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമങ്ങൾ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി സിപിഎം സംഘടിപ്പിച്ച ശിൽപ്പശാലയിൽ ആവശ്യപ്പെട്ടു. ഇടത് പക്ഷത്തിനെതിരെ വിശാല മുന്നണിയുണ്ടാക്കാനുള്ള നീക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഇതിന്‍റ എല്ലാം ഉരകല്ലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ എടുത്ത നിലപാട് ഇടത് മുന്നണിയുടെ അടിത്തറ വിപുലമാക്കിയിട്ടുണ്ട്. വലിയ ജനസഞ്ചയമാണ് എൽഡിഎഫിന് ഒപ്പം അണിനിരന്നത്. അത് സ്വാഭാവികമായും യുഡിഎഫിനെ ബുദ്ധിമുട്ടിലാക്കുകയും യുഡിഎഫ് വലിയ തകര്‍ച്ചയിലേക്ക് പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് നോക്കുകൂലി അടക്കമുള്ള ദുഷ്പ്രവണതകൾ അവസാനിക്കുകയാണ് . എന്നാൽ ഇപ്പോഴും ചില സ്ഥലങ്ങളിൽ നോക്കു കൂലി നില നിൽക്കുന്നുണ്ട് . ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.