തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണുക എന്നതായിരുന്നു ജന്മനാ ശാരീരിക അവശതകളുള്ള തിരുവനന്തപുരം കാച്ചാണി സ്വദേശി മണികണ്ഠന്‍റെ ഏറെ നാളുകളായുള്ള ആഗ്രഹം. ലൈഫ് മിഷന്‍ പദ്ധതിയില്‍ രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്‍റെ സന്തോഷ  വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി കണ്ട് മണികണ്ഠന്‍റെ 'ലൈഫി'ലെ ആഗ്രഹവും സഫലമാക്കി. മണികണ്ഠനെക്കുറിച്ച് പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കള്‍ അറിയിച്ചപ്പോള്‍ തന്നെ കാണാമെന്ന് തീരുമാനിക്കുകയായിരുന്നെന്ന് വിവരം പങ്കുവെച്ച് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

മുഖ്യമന്ത്രിയെന്ന നിലയിൽ ഏറെ സന്തോഷമുള്ള ദിവസമാണ് ഇന്ന്.
എൽ ഡി എഫ് സർക്കാരിന്റെ വാഗ്ദാനമായിരുന്ന എല്ലാവർക്കും വീടെന്ന സ്വപ്നം പാതിവഴി പിന്നിട്ടിരിക്കുകയാണിന്ന്. ലൈഫ് പദ്ധതിയിൽ രണ്ട് ലക്ഷം വീട് പൂർത്തീകരണത്തിന്‍റെ ഭാഗമായി കരകുളം ഏണിക്കരയിലെ ചന്ദ്രന്‍റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തു.

അതിനു അടുത്ത് കാച്ചാണിയിലാണ് ജന്മനാ ശാരീരിക അവശതകൾ മൂലം ശയ്യാവലംബിയായ മണികണ്ഠന്‍റെ വീട്. മണികണ്ഠന്‍റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഒന്ന് കാണണം എന്നത്. പരിചയക്കാരായ പാര്‍ടി സഖാക്കള്‍ വഴി പ്രാദേശിക പാര്‍ടി നേതൃത്വം ഈ വിവരം അറിയിച്ചപ്പോള്‍ തന്നെ അടുത്ത അവസരത്തില്‍ മണികണ്ഠനെ വീട്ടില്‍ പോയി കാണാം എന്ന് തീരുമാനിച്ചിരുന്നു. ലൈഫ് വഴി രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുന്ന ഈ സുദിനത്തില്‍ തന്നെ മണികണ്ഠനെ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞത് വളരെ സന്തോഷം നല്‍കുന്നു.