ഉദ്യോഗസ്ഥ നിർദ്ദേശങ്ങൾ പ്രായോഗികമായില്ല ജനങ്ങളുടെ ബുദ്ധിമുട്ടുകളുണ്ട്. രോഗവ്യാപനം ഉണ്ടാകാത്ത വിധം നിർദേശങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആർ അനുസരിച്ചുള്ള അടച്ചുപൂട്ടലിന് ബുധനാഴ്ചക്കുള്ളിൽ ബദൽ നിർദ്ദേശം മുന്നോട്ട് വെക്കാൻ അവലോകനയോഗത്തിൽ നിർദ്ദേശിച്ച് മുഖ്യമന്ത്രി. ലോക്ക്ഡൗൺ തുടർന്നിട്ടും കൊവിഡ് വ്യാപനം കുറയാത്തതിൽ മുഖ്യമന്ത്രിക്ഷുഭിതനായി. ലോക്ക്ഡൗണിനെതിരെ വ്യാപക എതി‍ർപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് സ‍ർക്കാറിന്‍റെ പുനരാലോചന.

Add Asianetnews as a Preferred SourcegooglePreferred

83 ദിവസത്തിലധികം പൂട്ടിയിട്ടിട്ടും വ്യാപനം മുകളിലേക്ക് തന്നെയാണ്. നിലവിലെ രീതികൾക്കെതിരെ നേരത്തെ തന്നെ വിമർശനമുയർന്നപ്പോഴും അന്ന് ഉദ്യോഗസ്ഥ വിശദീകരണത്തിന് വഴങ്ങുകയായിരുന്നു മുഖ്യമന്ത്രി. ഇതുവരെ ന്യായീകരിച്ച് നിന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇന്ന് മുഖ്യമന്ത്രി ക്ഷുഭിതനായി. ലോക്ക്ഡൗൺ കാരണം വ്യാപനത്തിൽ കുറവുണ്ടാകാത്തതെന്തെന്ന് വിശദീകരിക്കാനാവശ്യപ്പെട്ടു. ടിപിആർ അടിസ്താനത്തിൽ നിയന്ത്രണം ഇനി തുടരണോയെന്ന കാര്യത്തിൽ ബുധനാഴ്ച്ചക്കകം ഉത്തരം നൽകാനാണ് വിദഗ്ദസമിതിക്കും ചീഫ് സെക്രട്ടറിക്കും നൽകിയിരിക്കുന്ന നിർദേശം. എല്ലാ മേഖലയുമായും ചർച്ച നടത്തണമെന്നാണ് നിര്‍ദ്ദേശം. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ഇളവുകൾ നൽകാവുന്ന തരത്തിലുള്ള നിർദേശങ്ങളിലേക്കാണ് പോകുന്നതെന്നാണ് സൂചന.

ടിപിആർ അടിസ്ഥാനമാക്കിയുള്ള അശാസ്ത്രീയ അടച്ചിടലിനെതിരെ വ്യാപാരികളിൽ നിന്നുയർന്ന പ്രതിഷേധവും വികാരവും പൊതുജനങ്ങൾക്കിടയിലും ശക്തമാവുകയാണ്. ഇതിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ പൊലീസ് നടപടികൾക്ക് എതിരെയും ശക്തമായ പ്രതിഷേധമുണ്ട്. നിലവിൽ തുടരുന്ന നിയന്ത്രണങ്ങൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വ്യാപാരികൾ. അശാസ്ത്രീയ രീതി പിൻവലിക്കണമെന്നാണ് ആവശ്യം.