നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്തെത്തും. അദ്ദേഹം മാധ്യമങ്ങളെ കണ്ടിട്ടില്ല. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അദ്ദേഹം പ്രതിപക്ഷ നേതാവാകാനുള്ള സാധ്യത കുറവായതിനാൽ, കെഎൻ ബാലഗോപാൽ ഉൾപ്പെടെയുള്ള പേരുകളാണ് ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെമ്പാടും കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം ഇതുവരെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടില്ല. ഇന്നലെ ധർമ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിന് ശേഷം പിണറായിയിലെ വീട്ടിൽ തന്നെ തുടർന്ന അദ്ദേഹം വാർത്താ സമ്മേളനം ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചുള്ള കത്ത് ദൂതൻ വഴി രാജ്‌ഭവനിൽ എത്തിച്ച അദ്ദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തും. സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിൽ അദ്ദേഹത്തിൻ്റെ പ്രതികരണം നാളെയും ഉണ്ടാകില്ല. പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നാളെ നടക്കും. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടാവുകയെന്നാണ് വിവരം.
പ്രതിപക്ഷത്ത് എൽഡിഎഫിൻ്റെ അംഗബലം 35 ആയി ചുരുങ്ങിയ സാഹചര്യമാണ്. ശക്തരായ നേതാക്കളാരും എൽഡിഎഫ് നിരയിൽ ഇല്ലെന്നതും തിരിച്ചടിയാണ്. ക്രിയാത്മക പ്രതിപക്ഷമാകാൻ എൽഡിഎഫിന് എത്രത്തോളം സാധിക്കുമെന്നതാണ് ചോദ്യം. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കുമോയെന്ന ചോദ്യം പ്രസക്തമാണ്. എന്നാൽ അതുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് കരുതുന്നു. അങ്ങിനെ വന്നാൽ പാർട്ടി കേന്ദ്രകമ്മിറ്റി അംഗം കൂടിയായ കെഎൻ ബാലഗോപാലായിരിക്കും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സജി ചെറിയാൻ, പിഎ മുഹമ്മദ് റിയാസ് എന്നിവരും പരിഗണിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട്. എന്നാൽ പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയ ശേഷമായിരിക്കും ഈ ചർച്ചകളിലേക്ക് സിപിഎം പോവുക.





