ശബരിമല സ്വർണക്കൊള്ളയിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിക്കാനില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. മുൻ ഭരണസമിതിയെ പ്രതിചേർക്കാൻ എസ്ഐടി നീക്കമാരംഭിച്ചത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു കെ ജയകുമാറിൻ്റെ മറുപടി. 

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ ഏത് അന്വേഷണവും നടക്കട്ടെയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. താൻ അതിൽ പ്രതികരിക്കേണ്ട കാര്യമില്ല. അന്വേഷണം അന്വേഷണത്തിന്റെ വഴിയേ നടക്കട്ടെ. സഹകരിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും കെ ജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വർണക്കൊള്ള കേസിൽ മുൻ ഭരണസമിതിയെ പ്രതിചേർക്കാൻ എസ്ഐടി നീക്കമാരംഭിച്ചത് സംബന്ധിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ പ്രതികരണം തേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സത്യം പുറത്തുവരുന്നതുവരെ എസ്ഐടി അന്വേഷണം തുടരട്ടെ. കോടതിയുടെ നിരീക്ഷണത്തിലിരിക്കുന്ന കേസായതിനാൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരു കാര്യവും പ്രതികരിക്കാനില്ല. അന്വേഷണത്തിൽ പൂർണമായ സഹകരണം നൽകുന്നുണ്ടെന്നും കെ ജയകുമാർ പറഞ്ഞു.

കൊച്ചിയിൽ നടക്കുന്ന ശബരിമല എഐ വർക്ക്‌ ഷോപ്പിനിടെയാണ് കെ ജയകുമാറിൻ്റെ പ്രതികരണം. എഐ ഉപയോഗപ്പെടുത്തി തീർത്ഥാടക തിരക്ക് നിയന്ത്രിക്കുന്നതിന് എഐ വിദഗ്ധർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകും. നേരത്തെ ആഗോള അയ്യപ്പ സംഗമത്തിൽ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ എഐ സാങ്കേതിക വിദ്യയുടെ സഹായം തേടണമെന്ന നിർദേശം ഉയർന്നിരുന്നു. എന്നാൽ വർക്ക്‌ ഷോപ്പിനെ അയ്യപ്പ സംഗമവുമായി കൂട്ടി കുഴയ്ക്കേണ്ടെന്ന് കെ ജയകുമാർ പറഞ്ഞു.

YouTube video player

തിരക്ക് നിയന്ത്രണം എങ്ങനെ നടപ്പിലാക്കാം എന്ന് എപ്പോഴും ചർച്ച ചെയ്യാറുണ്ട്. അതിന് ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് എത്രത്തോളം ഫലപ്രദമാക്കാമെന്ന അന്വേഷണമാണ് നടക്കുന്നത്. ശബരിമലയിൽ പരമ്പരാഗത രീതിയിലുള്ള തിരക്ക് നിയന്ത്രണത്തിന് പകരം, സാങ്കേതികവിദ്യ ഉപയോഗിച്ച് തീർത്ഥാടക സൗകര്യം എങ്ങനെ മെച്ചപ്പെടുത്താമെന്ന അന്വേഷണമാണ് നടക്കുന്നത്. വിഷൻ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ഇത് നടക്കുന്നത്. ശബരിമലയിൽ എല്ലാം സുതര്യമാക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.