നേമ എംഎൽഎ രാജീവ് ചന്ദ്രശേഖർ പുതിയ ഓഫീസ് തുറന്നു. പാപ്പനംകോടിന് സമീപമാണ് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തത്. 24 മണിക്കൂറും ഓഫീസ് സേവനം ലഭ്യമാകുമെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. 

തിരുവനന്തപുരം: നേമത്ത് എംഎൽഎ ഓഫീസ് തുറന്ന് രാജീവ് ചന്ദ്രശേഖർ. ഏത് സാധാരണക്കാരനും തങ്ങളുടെ പ്രശ്നങ്ങളും ആശങ്കകളും അറിയിച്ചു കൃത്യമായ മറുപടിയും പരിഹാരവും ഉറപ്പാക്കാനുള്ള ജനങ്ങളുടെ സ്വന്തം കേന്ദ്രമാണ് പുതിയ ഓഫീസ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 24 മണിക്കൂറും ഓഫീസ് സേവനം ലഭ്യമാകുമെന്നും നേമം അർഹിക്കുന്ന വലിയ മാറ്റം യാഥാർത്ഥ്യമാക്കുമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പാപ്പനംകോടിന് സമീപമാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

"വികസിത നേമം ആസ്ഥാനം ജനങ്ങൾക്കായി തുറന്നിരിക്കുന്നു. 24 മണിക്കൂറും ഇനി ഏവർക്കും സ്വാഗതം. ഇന്ന് ഇവിടെ കണ്ട ആവേശവും ജനപങ്കാളിത്തവും ഒരു കാര്യം വിളിച്ചു പറയുന്നുണ്ടായിരുന്നു. നേമം ജനത കാത്തിരുന്ന ആ വലിയ മാറ്റം ഒടുവിൽ യാഥാർത്ഥ്യമായിക്കഴിഞ്ഞു.

പ്രായഭേദമന്യേ നേമത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള വൻ ജനാവലിയാണ് ജനസേവനത്തിനായുള്ള ഈ പുതിയ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ഒഴുകിയെത്തിയത്.

ഇത് വെറുമൊരു എംഎൽഎ ഓഫീസ് മാത്രമല്ല, ഏതൊരു സാധാരണക്കാരനും ഏതു സമയത്തും നേരിട്ടെത്തിയോ ഫോൺ വഴിയോ തങ്ങളുടെ പ്രശ്നങ്ങളും ആശങ്കകളും അറിയിക്കാനും അതിനെല്ലാം കൃത്യമായ മറുപടിയും പരിഹാരവും ഉറപ്പാക്കാനുമുള്ള ജനങ്ങളുടെ സ്വന്തം കേന്ദ്രമാണിത്. ഞങ്ങളുടെ ടീമിന്റെ സേവനം 24 മണിക്കൂറും ഇവിടെ ലഭ്യമായിരിക്കും. ജനങ്ങളുടെ ഓരോ പരാതിയും കൃത്യമായി രേഖപ്പെടുത്തുകയും അത് പൂർണ്ണമായും പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും വികസിത നേമം യാഥാർത്ഥ്യമാക്കാനുമുള്ള പ്രവർത്തനങ്ങളുമായി രാപ്പകൽ ഞങ്ങൾ ഒപ്പമുണ്ടാകും. ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന, സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ പ്രവർത്തന മികവിന്റെ രാഷ്ട്രീയമാണിത്. വികസിത നേമം എന്ന ഈ വലിയ ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ അചഞ്ചലമായ അർപ്പണബോധത്തോടെയും കഠിനാധ്വാനത്തോടെയും കൂടെനിന്ന ബിജെപി/എൻഡിഎ കൗൺസിലർമാർക്കും പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. നേമം അർഹിക്കുന്ന ആ വലിയ മാറ്റം ഒരുമിച്ച് നമ്മൾ യാഥാർത്ഥ്യമാക്കും".