Asianet News MalayalamAsianet News Malayalam

കർണ്ണാടക അതിർത്തി അടച്ചതിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കത്തയച്ചു

അതിര്‍ത്തി തുറക്കാന്‍ വിസമ്മതിച്ചതിനാല്‍ മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിക്കാൻ സാധിക്കാതെ രോ​ഗി മരിച്ച സംഭവം ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. 

pinarayi vijayan writes to modi on karnataka blocking key state highway
Author
Thiruvananthapuram, First Published Mar 29, 2020, 5:29 PM IST

തിരുവനന്തപുരം: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കർണ്ണാടക അതിർത്തി അടച്ചതിൽ ഇടപെടൽ ആവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. അതിര്‍ത്തി തുറക്കാന്‍ വിസമ്മതിച്ചതിനാല്‍ മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിക്കാൻ സാധിക്കാതെ രോ​ഗി മരിച്ച സംഭവം ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. അതിര്‍ത്തികളില്‍ കര്‍ണാടകം മണ്ണിട്ട് ഗതാഗതം തടയുന്നത് കാസര്‍കോട്ടെ ജനങ്ങള്‍ക്ക് പ്രതിസന്ധി ആവുകയാണ്. 

കാസര്‍കോടുള്ളവര്‍ ഏറ്റവും കൂടുതല്‍ ആശുപത്രികാര്യങ്ങള്‍ക്ക് സമീപിക്കുന്നത് കര്‍ണാടകത്തെയാണ്. കാസര്‍കോടിന്‍റെ വടക്കന്‍ഭാഗത്തുള്ളവര്‍ക്ക് ആശുപത്രി ആവശ്യങ്ങള്‍ക്ക് പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയുന്നത് കര്‍ണാടകത്തിലെ മംഗലാപുരത്താണ്. മംഗലാപുരത്ത് നിന്ന് ദിനം പ്രതി ഡയാലിസസ് നടത്തി തിരിച്ച് വരുന്നവരുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ ആര്‍ക്കും അങ്ങോട്ട് പോകാനാകുന്നില്ല. രോഗികളായാല്‍ പോലും അങ്ങോട്ട് പോകാന്‍ പറ്റത്ത സ്ഥിതിയാണ് കര്‍ണാടക സ്വീകരിക്കുന്നത്. ആകെ ഒരു കേന്ദ്രത്തില്‍ മാത്രമാണ് ഡയാലിസിസ് സൗകര്യമുള്ളതെന്ന് ഇന്നലെ വാർത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശത്തിന് വിരുദ്ധമായി വിവിധ അതിര്‍ത്തികളില്‍ മണ്ണുകൊണ്ടിട്ട് ഗതാഗതം തടയുന്ന സമീപനമാണ് കര്‍ണ്ണാടക സര്‍ക്കാരിന്‍റേതെന്ന് മുഖ്യമന്ത്രി പറയുന്നു. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ അതത് സ്ഥലത്തുള്ളവര്‍ അവിടെത്തന്നെ കഴിയട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. അത് ഇന്നത്തെ അവസ്ഥയില്‍ പ്രായോഗികമാണ്. എന്നാല്‍ മണ്ണിട്ട് തടഞ്ഞാല്‍ ഒരു അടിയന്തരസാഹചര്യം വന്നാല്‍ എങ്ങിനെ നേരിടും, രണ്ട് സര്‍ക്കാരുകള്‍ക്കും യോജിപ്പ് വരുന്ന കാര്യം എങ്ങനെ പ്രാവര്‍ത്തികമാക്കാനാകുമെന്നും മുഖ്യമന്ത്രി ഇന്നലെ ചോദിച്ചിരുന്നു. കൂര്‍ഗിലേക്ക് പോകാനുള്ള വഴി പൂര്‍ണ്ണമായും കര്‍ണാടക സര്‍ക്കാര്‍ അടച്ചിരിക്കുകയാണ്.

Also Read: അതിർത്തി തുറന്നില്ല; ചികിത്സ നിഷേധിക്കപ്പെട്ട കർണ്ണാടക സ്വദേശി കാസർകോട് മരിച്ചു

Follow Us:
Download App:
  • android
  • ios