Asianet News MalayalamAsianet News Malayalam

വന്‍ സംഘര്‍ഷത്തിനൊടുവില്‍ പിറവം പള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുത്തു; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

പുതിയ പൂട്ടും താക്കോലും വച്ച് പള്ളിയിലെ മുറികളും ഗേറ്റും കളക്ടര്‍ സീല്‍ ചെയ്യും. താക്കോലുകള്‍ നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഇപ്പോള്‍ പൊലീസിന്‍റെ പൂര്‍ണ്ണനിയന്ത്രണത്തിലാണ് പിറവം പള്ളി.

piravom church issue jacobites arrested
Author
Kochi, First Published Sep 26, 2019, 4:05 PM IST

കൊച്ചി: സുപ്രീംകോടതി ഉത്തരവിന്‍റെ പിന്‍ബലത്തില്‍ ആരാധനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ പക്ഷം തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷഭൂമിയായ പിറവം സെന്റ് മേരീസ് പള്ളി എറണാകുളം ജില്ലാ കളക്ടര്‍ ഏറ്റെടുത്തു. പ്രതിഷേധമുയര്‍ത്തിയ യാക്കോബായ വൈദികര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പുതിയ പൂട്ടും താക്കോലും വച്ച് പള്ളിയിലെ മുറികളും ഗേറ്റും കളക്ടര്‍ സീല്‍ ചെയ്യും. താക്കോലുകള്‍ നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. 

ഓർത്തഡോക്സ് വിഭാഗം പ്രവേശിക്കുന്നതിനെതിരെ പള്ളിക്കുള്ളിൽ തമ്പടിച്ചിരിക്കുന്ന മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് വൻ പൊലീസ് സംഘം പള്ളിയിലെത്തി നടപടികൾ തുടങ്ങിയത്. ജസ്റ്റിസ് എഎം ഷഫീഖ്, എൻ അനിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെതാണ് ഉത്തരവ്. പള്ളിയുടെ ഗേറ്റ് പൂട്ടാൻ യാക്കോബായ പക്ഷത്തിന് എന്തധികാരമെന്ന് കോടതി ചോദിച്ചു. വിശ്വാസികളെ തടയാൻ ‌‌നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത്? ആരേയും തടയാൻ നിങ്ങൾക്ക് അധികാരമില്ല. യാക്കോബായ വിഭാ​​ഗക്കാരുടെ മറുപടിയല്ലാ വേണ്ടത്. വിധി നടപ്പിലാക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. വിധി നടപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടന്ന് ആരോപിച്ച് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജി പരി​ഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ പരാമർശം.

Read More:പിറവം പള്ളി തർക്കം; പള്ളിക്കുള്ളിൽ തമ്പടിച്ചിരിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഹൈക്കോടതി നിർദ്ദേശം

ഇതിനെത്തുടര്‍ന്ന് യാക്കോബായക്കാരുടെ എതിര്‍പ്പ് മറികടന്ന് പള്ളിയില്‍ പ്രവേശിച്ച പൊലീസ് പ്രതിഷേധമുയര്‍ത്തിയ 67 പേരെ ബലംപ്രയോഗിച്ചു നീക്കി. പള്ളിയുടെ ഗേറ്റിന്റെ പൂട്ട് തകർത്താണ് പൊലീസ് പള്ളിക്കകത്ത് കയറിയത്. മെത്രാന്‍മാരും പുരോഹിതരും അടക്കമുള്ള യാക്കോബായ വിഭാഗക്കാരായ വിശ്വാസികള്‍ അറസ്റ്റ് വരിച്ചു. ഇപ്പോള്‍ പൊലീസിന്‍റെ പൂര്‍ണ്ണനിയന്ത്രണത്തിലാണ് പിറവം പള്ളി. വികാരഭരിതരായാണ് പൊലീസ് നടപടിയോട് യക്കോബായ വിഭാഗം പ്രതികരിച്ചത്. നീതി നിഷേധത്തിന് ഇരകളാണ് തങ്ങളെന്ന് യാക്കോബായ വിഭാഗം വൈദികർ പറഞ്ഞു. അതേസമയം, സംഘർഷത്തിനില്ലെന്നും കോടതി വിധിയനുസരിച്ച് പള്ളിയിൽ ആരാധന നടത്തുമെന്നും ഓർത്തഡോക്സ് സഭ അറിയിച്ചു. ഇതിനിടെ, യാക്കോബായ വിഭാഗം മെത്രാൻമാരെ അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന രാമമംഗലം പോലീസ് സ്റ്റേഷന് മുന്നിൽ വിശ്വാസികൾ കുത്തിയിരുന്നു പ്രതിഷേധിച്ചു.

Read More: പിറവം പള്ളിയിൽ സംഘർഷം: ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ നേർക്കുനേർ

എന്താണ് പിറവം പള്ളിത്തർക്കം?

മലങ്കര സഭയിലെ പുരാതന പള്ളികളിലൊന്നാണ് പിറവം സെന്‍റ് മേരീസ് പള്ളി. സഭാസ്വത്തുക്കൾ സംബന്ധിച്ച് യാക്കോബായ - ഓർത്തഡോക്സ് തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. 2018 ഏപ്രിൽ 18-ന് പിറവം പള്ളി അവകാശം സംബന്ധിച്ച് ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ, സര്‍ക്കാര്‍ ഇതുവരെയായും വിധി നടപ്പാക്കിയില്ല. കോടതിവിധിയെത്തുടർന്ന് ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും പലവട്ടം ശ്രമം നടത്തിയെങ്കിലും യാക്കോബായ വിഭാഗം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇതാണ് വിധി നടപ്പാക്കാന്‍ വൈകുന്നത്. 

Follow Us:
Download App:
  • android
  • ios