കോട്ടയം: യുഡിഎഫ് നിര്‍ദ്ദേശങ്ങളും ധാരണയും പാലിക്കാത്ത ജോസ് കെ മാണിക്ക് മുന്നണിയിൽ തുടരാൻ ഒരു തരത്തിലും അര്‍ഹതയില്ലെന്ന് ആവര്‍ത്തിച്ച് പിജെ ജോസഫ്. യുഡിഎഫ് പുറത്താക്കി എന്ന വാക്ക് ഉപയോഗിക്കേണ്ട ഒരു കാര്യവും ഇല്ല. മുന്നണി ധാരണ പാലിക്കാത്ത ജോസ് കെ മാണിക്ക് തുടരാൻ അര്‍ഹതിയില്ലെന്നാണ് പറയേണ്ടതെന്ന് പിജെ ജോസഫ് പറഞ്ഞു. 

വേറെ ചില ധാരണകൾക്ക് വേണ്ടി സ്വയം ഒഴിഞ്ഞ് പോയതാണ്.നിഗൂഡ ലക്ഷ്യത്തോടെയാണ് ജോസ് പുറത്ത് പോയത്. അത് എൽഡിഎഫിലേക്കാണോ എൻഡിഎക്കൊപ്പമാണോ എന്ന് ആര്‍ക്കറിയാമെന്നും പിജെ ജോസഫ് പറഞ്ഞു. നല്ല കുട്ടിയായി ധാരണ പാലിച്ച് വേണമെങ്കിൽ യുഡിഎഫിലേക്ക് തിരിച്ചെത്താൻ ഇപ്പോഴും അവസരം ഉണ്ട്. എന്നാൽ രാജി വക്കുകയും ഇല്ല ചര്‍ച്ചക്കുമില്ലെന്ന ജോസ് കെ മാണിയുടെ പ്രസ്താവനയിൽ എല്ലാം വ്യക്തമാണെന്നും പിജെ ജോസഫ് പറഞ്ഞു. 

എൽ ഡി എഫ് എത്ര സീറ്റ് നൽകിയാലും ജോസ് വിഭാഗം വിജയിക്കില്ല. തന്ത്രപരമായ ഇടവേളയാണ് ഇപ്പോഴുള്ളത്. ഇതിനിടയിൽ കൂടുതൽ നേതാക്കൾ പാര്‍ട്ടി വിട്ട് പുറത്ത് വരും. കോട്ടയത്തു നിന്നും പത്തനംതിട്ടയിൽ നിന്നും കൂടുതൽ നേതാക്കൾ പുറത്ത് വരുമെന്നും അത് അവര്‍ തന്നെ പ്രഖ്യാപിക്കട്ടെ എന്നും  പിജെ ജോസഫ് പറഞ്ഞു.