കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ പ്രതിസന്ധി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാന കൈമാറ്റം കരാർ അനുസരിച്ച് നടപ്പാക്കണമെന്ന ആവശ്യം ശക്തമാക്കി പി ജെ ജോസഫ് രംഗത്തെത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിലവില്‍ ജോസ് കെ മാണി പക്ഷത്തിന്‍റെ കൈയ്യിലാണ്. കരാര്‍ പ്രകാരം അത് തങ്ങള്‍ക്ക് ലഭിക്കേണ്ട സമയം കഴിഞ്ഞിട്ട് 50 ദിവസമായെന്ന് പി ജെ ജോസഫ് ചൂണ്ടികാട്ടി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാന കൈമാറ്റം കരാർ അനുസരിച്ച് നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുന്നണിയുടെ കാര്യക്ഷമതയില്ലായ്മയാണ് കാരാർ ലംഘനത്തിന് കാരണമെന്ന് പിജെ ജോസഫ് കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ കോൺഗ്രസിന്റെയും മുന്നണിയുടെയും ഭാഗത്ത് നിന്ന് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കരാർ ലംഘിച്ചാൽ മുന്നണി മുന്നണിയാകില്ലെന്നും പിജെ ജോസഫ് മുന്നറിയിപ്പ് നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടണമെന്ന് തൊടുപുഴയിൽ ചേർന്ന നേതൃയോഗത്തിലാണ് തീരുമാനിച്ചത്.