Asianet News MalayalamAsianet News Malayalam

'കുട്ടനാട്' വിട്ടുകൊടുക്കില്ല, യുഡിഎഫ് സ്ഥാനാർത്ഥി ജോസഫ് വിഭാ​ഗത്തിൽ നിന്ന് തന്നെ: പി ജെ ജോസഫ്

ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ആവർത്തിച്ച പി ജെ ജോസഫ്, പാർട്ടി ചെയർമാൻ എന്ന നിലയിൽ ജോസ് സ്റ്റീയറിങ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണെന്നും ആരോപിച്ചു. 

pj joseph on kuttanad by election
Author
Thodupuzha, First Published Sep 5, 2020, 8:56 AM IST

തൊടുപുഴ: കുട്ടനാട്ട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനു വേണ്ടി ജോസഫ് വിഭാ​ഗം സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന് കേരളാ കോൺ​ഗ്രസ് എം നേതാവ് പി ജെ ജോസഫ് പറഞ്ഞു. ഇത് സംബന്ധിച്ച് മുന്നണിയിൽ ധാരണയായതാണ്. ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ആവർത്തിച്ച പി ജെ ജോസഫ്, പാർട്ടി ചെയർമാൻ എന്ന നിലയിൽ ജോസ് സ്റ്റീയറിങ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണെന്നും ആരോപിച്ചു. 

വിപ്പ് ലംഘന പരാതിയിൽ നിയമസഭാ സ്പീക്കർക്ക് നിയമാനുസൃതമായേ പ്രവർത്തിക്കാൻ കഴിയൂ എന്നും പി ജെ ജോസഫ് പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിനെതിരെ  കോടതിയെ സമീപിക്കുമെന്ന് ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിധിക്കെതിരെ ദില്ലി ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതു സംബന്ധിച്ച് നിയമവിദ​ഗ്ധരുമായി പാർട്ടി കൂടിയാലോചനകളും തുടങ്ങിയിരുന്നു.

പി ജെ ജോസഫിന്‍റെ അവകാശവാദം തള്ളിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മണിക്ക് അനുകൂലമായി തീരുമാനമെടുത്തത്. രണ്ട് എംഎൽഎമാക്കൊപ്പം രണ്ട് എംപിമാർ കൂടി തങ്ങളുടെ പക്ഷത്തുള്ളതാണ് ജോസ് വിഭാഗത്തിന് അനുകൂലമായത്. അതിനിടെ, തൊടുപുഴ കോടതിയിൽ ജോസ് കെ മാണിയ്ക്കെതിരെ ജോസഫ് വിഭാ​ഗം ഹർജി നൽകിയിട്ടുണ്ട്. ജോസ് കോടതി വിധി ലംഘിച്ചെന്ന് കാണിച്ചാണ് ഹർജി. ചെയർമാൻ എന്ന നിലയിലാണ് ജോസ് കെ മാണി സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിളിച്ചത്. ചെയർമാൻ പദവി ഉപയോഗിക്കരുതെന്ന് കോടതി വിധിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ജോസഫ് വിഭാഗം ഹർജി നൽകിയത്. 

അതേസമയം, ജോസ് കെ മാണിയെ തിരികെ കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കത്തിൽ കടുത്ത എതിർപ്പ് അറിയിച്ചിരിക്കുകയാണ് പി ജെ ജോസഫ്. ജോസ് വിഭാഗത്തെ തിരികെയെടുത്താൽ മുന്നണി വിടുമെന്ന് ജോസഫ് കോൺഗ്രസ് നേതാക്കളെ കണ്ട് മുന്നറിയിപ്പ് നൽകി. മുന്നണികള്‍ തങ്ങളെ ക്ഷണിക്കുന്നതിൽ ജോസഫിന് ഹാലിളകിയെന്നാണ് ഇതിനോട് ജോസ് പക്ഷം തിരിച്ചടിച്ചത്. 

Follow Us:
Download App:
  • android
  • ios