കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി  ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന നിലപാടിലുറച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. ചിഹ്നം നൽകില്ലെന്ന് കോൺ​ഗ്രസ് നേതാക്കൾ വഴി ജോസ് കെ മാണിയെ അറിയിച്ചുവെന്നും ചിഹ്നത്തിൻ മേൽ ഇനി ചർച്ചയ്ക്കില്ലെന്നും പിജെ ജോസഫ് വ്യക്തമാക്കി.

അതേസമയം, രണ്ടില ചിഹ്നം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസ് ടോം പറഞ്ഞു. മറ്റ് ചിഹ്നമാണ് കിട്ടുന്നതെങ്കിലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജോസ് ടോം വ്യക്തമാക്കി. അതേസമയം, ജോസ് വിഭാഗം ഇതുവരെ ചിഹ്നം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ജോസഫ് വിഭാഗം ആരോപിക്കുന്നത്. ആവശ്യപ്പെടാതെ എങ്ങനെ ചിഹ്നം നല്‍കാനാകുമെന്നും ജോസഫ് വിഭാഗം ചോദിക്കുന്നു.

ജോസ് ടോമിന്‍റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന്  പി ജെ ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജോസ് ടോം യുഡിഎഫിന്‍റെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ്. ആ നിലയ്ക്ക് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു.

പാലായിലേത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയല്ല. കേരളാ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയാണ്. അതുകൊണ്ട് രണ്ടില ചിഹ്നം നല്‍കില്ല.  പാര്‍ട്ടി നടപടിയെടുത്ത വ്യക്തിയാണ് ജോസ് ടോം. ചിഹ്നം വേണ്ട എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതുമാണല്ലോ. യുഡിഎഫ് കണ്‍വീനര്‍ ക്ഷണിച്ചതുകൊണ്ട് താന്‍ തെര‌ഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നുമായിരുന്നു പി ജെ ജോസഫ് പറഞ്ഞത്. 

Read Also:രണ്ടില ചിഹ്നത്തെ ചൊല്ലി പോര് തുടരുമ്പോഴും യുഡിഎഫിനായി പ്രചാരണത്തിനിറങ്ങി ജോസഫ് വിഭാഗം

അതേസമയം, രണ്ടില ചിഹ്നത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ  ജോസ് ടോം പുലിക്കുന്നേല്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെന്ന നിലയിലും സ്വതന്ത്രനെന്ന നിലയിലും രണ്ട് തരത്തിലുള്ള പത്രികകളാകും ജോസ് ടോം നല്‍കുക. കേരളാ കോണ്‍ഗ്രസ് ചെയര്‍മാൻ എന്ന നിലയില്‍ ജോസ് കെ മാണിയുടെ കത്ത് സഹിതമായിരിക്കും ജോസ് ടോം പുലിക്കുന്നേല്‍ ആദ്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. 

ചിഹ്നം സംബന്ധിച്ച് തര്‍ക്കം തുടര്‍ന്നാല്‍ വരണാധികാരി കൂടിയായ ജില്ലാ കളക്ടറാകും തീരുമാനമെടുക്കുക. എന്നിട്ടും പരിഹാരം ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടലുണ്ടാകും. 11 മണിയോടെ പ്രവിത്താനത്ത് ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് ജോസ് ടോം പുലിക്കുന്നേല്‍ പത്രിക നല്‍കുന്നത്.

Read Also:'രണ്ടില' പോര്: ജോസ് ടോം രണ്ടുതരത്തില്‍ പത്രിക നല്‍കും