കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൽ നിന്ന് കൂടുതൽ പേർ തങ്ങളുടെ പക്ഷത്തേക്ക് വരുമെന്ന് പിജെ ജോസഫ്. തിരുവല്ല നഗരസഭയുമായി ബന്ധപ്പെട്ട് ജോസ് കെ മാണിയുടെ അവകാശവാദം പിജെ ജോസഫ് തള്ളി. ആരൊക്കെ കൂടെയുണ്ടെന്ന് എട്ടാം തീയതി അറിയാമെന്നും പാലാ നഗരസഭയിലെ ഭൂരിപക്ഷം പേരും തങ്ങളോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട സർവേ ഫലം കണ്ടില്ലെന്നും ഈ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും ജോസഫ് പറഞ്ഞു.

അതേസമയം എൽഡിഎഫ് സഹകരണവുമായി ബന്ധപ്പെട്ട് തീരുമാനം വൈകരുതെന്ന് കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിനോട് സിപിഎം ആവശ്യപ്പെട്ടതായി വിവരം. ഉടൻ തീരുമാനമെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഈ മാസം എട്ടിന് ചേരും. 

കേരളാ കോൺഗ്രസ് ബഹുജന പിന്തുണയുള്ള പാർട്ടിയാണെന്നും ജോസ് വിഭാഗമില്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകുമെന്നുമെന്നും കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയിലെ ലേഖനം എഴുതിയിരുന്നു. എന്നാല്‍ അവര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലാകും തീരുമാനമെന്നും ഇടത് മുന്നണിയിൽ ചര്‍ച്ച ചെയ്ത ശേഷം മാത്രമാകും അന്തിമ തീരുമാനം ഉണ്ടാകൂ എന്നും  കോടിയേരി വിശദീകരിച്ചിട്ടുണ്ട്. 

എന്നാൽ ജോസ് വിഭാഗവുമായുള്ള ബന്ധത്തെ പൂര്‍ണമായും തള്ളുന്ന നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. അവശനിലയിലായവരുടെ വെന്‍റിേലേറ്ററല്ല ഇടതുമുന്നണിയെന്ന കാനം രാജേന്ദ്രൻറെ പ്രതികരണം മുന്നണിക്കുള്ളിലെ അതൃപ്തി വ്യക്തമാക്കുന്നു. സിപിഐക്ക് പിന്നാലെ ജോസ് കെ മാണിയുള്ള സഹകരണത്തെ എതി‍ർത്ത് ജെഡിഎസ്സും രംഗത്തെത്തിയിട്ടുണ്ട്. ജോസിൻറ സമ്മർദ്ദ തന്ത്രത്തിന് എൽഡിഎഫ് തലവെക്കേണ്ടെന്ന് ജെഡിഎസ് സെക്രട്ടറി ജനറൽ ജോർജ്ജ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.