Asianet News MalayalamAsianet News Malayalam

'മക്കൾ രാഷ്ട്രീയകാലം', തെരഞ്ഞെടുപ്പ് ഗോദയിലേക്ക് പിജെ ജോസഫിന്റെ മകനും, തിരുവമ്പാടിക്കായി നീക്കം തുടങ്ങി

നിലവില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന പേരാമ്പ്ര സീറ്റ് മുസ്ലിം ലീഗിനു നല്‍കി പകരം ലീഗിന്‍റെ കൈവശമുളള തിരുവമ്പാടിയില്‍ അപുവിന സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം.

pj josephs son apu john joseph election candidate
Author
Kozhikode, First Published Jan 11, 2021, 7:48 AM IST

കോഴിക്കോട്: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി പിജെ ജോസഫിന്റെ മകൻ അപു ജോണ്‍ ജോസഫ്. കോഴിക്കോട്ട് നിന്നാണ് അപു മത്സരിക്കാനൊരുങ്ങുന്നത്. നിലവില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന പേരാമ്പ്ര സീറ്റ് മുസ്ലിം ലീഗിനു നല്‍കി പകരം ലീഗിന്‍റെ കൈവശമുളള തിരുവമ്പാടിയില്‍ അപുവിന സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം. കോഴിക്കോട്ടെ മലയോര മേഖലകളില്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുണ്ടെന്നും കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും അപു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി അംഗവും പാര്‍ട്ടിയുടെ കീഴിലുളള ഗാന്ധിജി സ്റ്റഡി സെന്‍റര്‍ വൈസ് ചെയര്‍മാനും ആണെങ്കിലും പിജെ ജോസഫിന്‍റെ മകന് അപു ജോണ്‍ ജോസഫ് ഇതുവരെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയിരുന്നില്ല. നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ അപുവിനെ കളത്തിലിറക്കാനാണ് ജോസഫ് വിഭാഗത്തിന്‍റെ ആലോചന. പാര്‍ട്ടി മത്സരിച്ചു വരുന്ന പേരാമ്പ്രയിൽ സാധ്യത തീര്‍ത്തും വരളമായതിനാലാണ് ലീഗിന്‍റെ കൈവശമുളള തിരുവമ്പാടി സീറ്റിനുള്ള ശ്രമം നടത്തുന്നത്. 

കത്തോലിക്കാ സഭയ്ക്ക് നിര്‍ണായക സ്വാധീനമുളള തിരുവമ്പാടിയില്‍ അപുവിനെ ഇറക്കിയാല്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്നാണ് കേരള കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇവിടെ ലീഗ് മല്‍സരിക്കുന്നതിനേക്കാള്‍ കേരള കോണ്‍ഗ്രസ് മല്‍സരിക്കുന്നതാകും ഗുണം ചെയ്യുകയെന്ന് ജോസഫ് വിഭാഗം പറയുന്നു. അതേസമയം പേരാന്പ്രയില്‍ ലീഗിന് ജയസാധ്യത കൂടുതലുമാണ്. 

1980 ല്‍ ഡോ.കെ.സി ജോസഫ് വിജയിച്ച ശേഷം പേരാന്പ്രയില്‍ ജയിക്കാന്‍ കേരള കോണ്‍ഗ്രസിനായിട്ടില്ല. ഈ സാഹചര്യം ലീഗ് നേതൃത്വത്ത ബോധ്യപ്പെടുത്താനാണ് ശ്രമം. കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ അപു ജോണ്‍ ജോസഫ് പാര്‍ട്ടിയുടെ യുവജനവിബാഗം നേതാക്കളുമായും താമരശേരി രൂപയ്തയ്ക്കു കീഴിലെ പുരോഹിതരുമായും ചര്‍ച്ച നടത്തി. 

പേരാമ്പ്രയ്ക്ക് പുറമെ തളിപ്പറന്പും ആലത്തൂരുമാണ് കേരള കോണ്‍ഗ്രസ് മലബാറില്‍ മല്‍സരിക്കുന്ന മറ്റ് രണ്ട് മണ്ഡലങ്ങള്‍. എന്നാല്‍ കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഈ മൂന്ന മണ്ഡലങ്ങള്‍ നിന്നും ജയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അപു ജോണ്‍ ജോസഫിനെ പരീക്ഷിക്കാനുളള ജോസഫ് വിഭാഗത്തിന്‍റെ നീക്കം.

Follow Us:
Download App:
  • android
  • ios