Asianet News MalayalamAsianet News Malayalam

തദ്ദേശതെരഞ്ഞെ‌ടുപ്പിൽ പാ‍‍ർട്ടി മികച്ച വിജയം നേടിയതായി പിജെ ജോസഫ്: രണ്ടില ഇനി വേണ്ട, ചെണ്ട സ്ഥിരം ചിഹ്നമാക്കും

 ഇടുക്കിയിൽ പാ‍ർട്ടി നല്ല മുന്നേറ്റം നടത്തിയെന്നും എന്നാൽ പാ‍ർട്ടി മത്സരിക്കുന്ന സീറ്റുകളിൽ ചില‍ർ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും പിജെ ജോസഫ് ആരോപിച്ചു. ഈ പ്രശ്നങ്ങൾ പാ‍ർട്ടിയുടെ പരാജയത്തിന് കാരണമായന്നും ഈ പ്രശ്നങ്ങൾക്ക് പിന്നിൽ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു.

PJ jospeh about local body election results
Author
തൊടുപുഴ, First Published Dec 17, 2020, 4:43 PM IST

തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നല്ല വിജയം കൈവരിക്കാൻ കഴിഞ്ഞതായി കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം നേതാവ് പിജെ ജോസഫ്. ഇടുക്കിയിൽ പാ‍ർട്ടി നല്ല മുന്നേറ്റം നടത്തിയെന്നും എന്നാൽ പാ‍ർട്ടി മത്സരിക്കുന്ന സീറ്റുകളിൽ ചില‍ർ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും പിജെ ജോസഫ് ആരോപിച്ചു. ഈ പ്രശ്നങ്ങൾ പാ‍ർട്ടിയുടെ പരാജയത്തിന് കാരണമായന്നും ഈ പ്രശ്നങ്ങൾക്ക് പിന്നിൽ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു.

പിജെ ജോസഫിൻ്റെ വാക്കുകൾ - 

ഇടുക്കി ജില്ലയിൽ പാ‍ർട്ടി നല്ല മുന്നേറ്റമാണ് നടത്തിയത്.  ജില്ലാ പഞ്ചായത്തിൽ 5 ഇടത്ത് മത്സരിച്ചതിൽ 4 ഇടത്തും പാ‍ർട്ടി ജയിച്ചു. തൊടുപുഴ, കട്ടപ്പന നഗരസഭകൾ നിലനിർത്താനും സാധിച്ചു. തങ്ങൾ മത്സരിക്കുന്ന സീറ്റുകളിൽ മനപൂർവം ചിലർ പ്രശ്നങ്ങൾ ഉണ്ടാക്കിയതാണ് തിരിച്ചടിക്ക് കാരണമായത്. അതു കൊണ്ടാണ് ചില ഇടത്ത് തോറ്റത്. എന്തിനാണ് ഈ പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്ന് പരിശോധിക്കണം. തൊടുപുഴ നിയോജക മണ്ഡലത്തിൽ 12-ൽ 10 പഞ്ചായത്തിലും യുഡിഎഫിന് മുന്നേറ്റമുണ്ട്.

ഇടുക്കിയിൽ മാത്രം ചെണ്ട ചിഹ്നത്തിൽ മത്സരിച്ച 87 പേർ ജയിച്ചു. രണ്ടില ചിഹ്നത്തിൽ 44 പേർ മാത്രമാണ് ഇവിടെ വിജയം കണ്ടത്. ഇടുക്കിയിൽ മെച്ചപ്പെട്ട സ്ഥിതിയാണ് പാർട്ടിക്കുള്ളത്. എന്നാൽ പാ‍ർട്ടി തകർന്നുവെന്ന തരത്തിൽ വരുന്ന വാർത്തകൾ ശരിയല്ല. പാലാ നഗരസഭയിൽ ജോസ് കെ മാണിക്ക് തനിച്ചു ഭൂരിപക്ഷമില്ല. 2015ൽ 17 സീറ്റ് ഉണ്ടായത് ഇക്കുറി 9 ആയി കുറയുകയാണ് ചെയ്തത്.  

പാലായിലെ പഞ്ചായത്തുകളിൽ ഇടതു പക്ഷത്തിന് നേട്ടമുണ്ടാക്കാനായില്ല. ചങ്ങാനാശ്ശേരി, ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് മുന്നേറ്റമുണ്ടായി. കേരള കോൺഗ്രസ്‌ ശക്തി കേന്ദ്രങ്ങളിൽ എല്ലാം നേട്ടമുണ്ടാക്കിയത് ജോസഫ് വിഭാഗമാണ്. പത്തനംതിട്ടയിൽ ചെണ്ട ചിഹ്നത്തിൽ 32 പേർ ജയിച്ചു. രണ്ടിലയിൽ ജയിച്ചത് 19 പേർ മാത്രമാണ്. കോട്ടയത്ത്‌ 100 ഇടത്ത് ജയിച്ചു. സംസ്ഥാനമാകെ 292 പേർ പിജെ ജോസഫ് വിഭാ​ഗം സ്ഥാനാ‍ർത്ഥികളായി മത്സരിച്ചു വിജയിച്ചു.

മധ്യ തിരുവിതാംകൂറിൽ ജോസ് കെ മാണി വിഭാഗം എത്തിയത് കൊണ്ട് ഒരു നേട്ടവും എൽഡിഎഫ് ഉണ്ടാക്കിയിട്ടില്ല. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ അനുവദിച്ചു കിട്ടിയ ചെണ്ട ചിഹ്നം തുടരണോ എന്ന് ആലോചിക്കുകയാണ്. ചെണ്ട രണ്ടിലയേക്കാൾ നല്ല ചിഹ്നമാണ്. പാർട്ടി ചിഹ്നം ആക്കിയാലോ എന്ന് ആലോചിക്കുന്നുണ്ട്.

രണ്ടില ജോസ് കൊണ്ട് പൊയ്ക്കോട്ടെ, തെരഞ്ഞെടുപ്പിൽ തോറ്റ ചിഹ്നമാണ് രണ്ടില. തൊടുപുഴയിൽ കാൽ വാരിയത് ആരാണെന്ന് പരിശോധിച്ചു വരികയാണ്. പാർട്ടിയെന്ന നിലയിൽ കോൺഗ്രസിൽ അച്ചടക്കം വേണം. നേതൃത്വത്തിന് പ്രശ്നങ്ങളുള്ളതായി പരാതിയില്ല. ജോസിനെ തിരിച്ചു കൊണ്ടുവരണമെന്നുള്ള കോൺഗ്രസ്‌  നേതാക്കളുടെ പുതിയ ആവശ്യം മധ്യകേരളത്തിലെ സ്ഥിതി പഠിക്കാത്തത് കൊണ്ടാണ്. തോൽവിക്ക് ഇടുക്കി  കോൺഗ്രസിലെ ഭിന്നത കാരണമായിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios