കോഴിക്കോട്: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരായ കോണ്‍ഗ്രസിന്‍റെ നിലപാടിനെ വാഴ്ത്തി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. മറ്റ് സംസ്ഥാനങ്ങള്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നിഷ്ക്രീയത തുടരുമ്പോള്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമസഭയില്‍ ബില്ല് പാസാക്കിയ നടപടിയെ അഭിനന്ദിച്ചാണ് ഫിറോസ് രംഗത്തെത്തിയത്. കോൺഗ്രസിനെ പിന്തുണച്ചത് കൊണ്ട് എന്ത് നേടി എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് ഇതെന്ന് ഫിറോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫിറോസിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

കോൺഗ്രസ്, ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. പരിഹസിക്കുന്നവരും ചവിട്ടിത്തേക്കാൻ ശ്രമിക്കുന്നവരുമൊക്കെയുണ്ട്. പക്ഷേ കോൺഗ്രസിന്റെ പ്രതിസന്ധി രാജ്യത്തിന്റെ കൂടി പ്രതിസന്ധിയാണ്. ഈ സാഹചര്യത്തിൽ കൂടി കടന്നു പോകുന്നത് കോൺഗ്രസ് മാത്രമല്ല രാജ്യത്തെ ജനത കൂടിയാണ്.

കോൺഗ്രസ് ഉയിർത്തെഴുന്നേറ്റു വരേണ്ടത് രാജ്യത്തെ ജനതയുടെ ആവശ്യമാണ്. കാരണം ഇപ്പോഴും രാജ്യത്തെ മതേതര വിശ്വാസികൾക്ക് ആശ്രയിക്കാവുന്ന, പിന്തുണക്കാവുന്ന പാർട്ടി കോൺഗ്രസാണ്. രാജസ്ഥാനിൽ നിന്നുള്ള ഈ വാർത്ത ഒരുദാഹരണം മാത്രമാണ്. കോൺഗ്രസിനെ പിന്തുണച്ചത് കൊണ്ട് എന്ത് നേടി എന്ന് ചോദിക്കുന്നവർക്കുള്ള മറുപടി കൂടിയാണിത്.

വാക്ക് പാലിച്ച, ആൾക്കൂട്ടക്കൊലപാതകങ്ങൾക്കെതിരെ കേന്ദ്രം നിയമ നിർമ്മാണത്തിന് മടിച്ചു നിന്നപ്പോൾ നിയമം നിർമ്മിച്ച കോൺഗ്രസ് സർക്കാറിന് അഭിവാദ്യങ്ങൾ.