തോട്ടടയിൽ മിഥുനൊപ്പം സംഘർഷത്തിൽ രാഹുലും പങ്കാളിയായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. 

കണ്ണൂർ: കണ്ണൂർ (Kannur) തോട്ടടയില്‍ (Thottada) കല്യാണ പാർട്ടിക്കിടെ ബോംബ് സ്ഫോടനത്തിൽ (Bomb Attack) യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. ഏച്ചൂർ സംഘത്തിൽ പെട്ട രാഹുൽ ആണ് അറസ്റ്റിലായത്. തോട്ടടയിൽ മിഥുനൊപ്പം സംഘർഷത്തിൽ രാഹുലും പങ്കാളിയായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ബോംബ് നിർമ്മിക്കാൻ വെടിമരുന്ന് നൽകിയ അനൂപിനായി തിരച്ചിൽ തുടരുകയാണ്. 

Add Asianetnews as a Preferred SourcegooglePreferred

ബോംബുമായി എത്തിയ സംഘത്തിൽ പെട്ട ആളാണ് മരിച്ച ജിഷ്ണു. കല്ല്യാണത്തലേന്ന് വരന്റെ വീട്ടിൽ ഏച്ചൂരിൽ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. രാത്രി വൈകി നടന്ന സംഗീതപരിപാടിക്കിടെയായിരുന്നു സംഘർഷം. നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് പ്രതികാരം വീട്ടാൻ ഏച്ചൂർ സംഘം ബോംബുമായി എത്തുകയായിരുന്നു.

ഏച്ചൂർ സ്വദേശിയായ ഷമിൽ രാജിന്റെ വിവാഹത്തലേന്ന് ഉണ്ടായ തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. എതിരാളികളെ അക്ഷയ് ബോംബ് എറിയുന്നതിനിടെ, സ്വന്തം സുഹൃത്ത് തന്നെയായ ജിഷ്ണുവിന്‍റെ തലയിൽത്തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തല പൊട്ടിച്ചിതറിയാണ് ജിഷ്ണു കൊല്ലപ്പെട്ടത്. ബോംബിൽ നിന്ന് തീഗോളം ഉയർന്ന് പൊള്ളലേറ്റും, ചീളുകൾ ദേഹത്ത് കുത്തിക്കയറിയും പലർക്കും പൊള്ളലും പരിക്കുമേറ്റു. 

ജിഷ്ണുവിനും അക്ഷയ്ക്കും, മിഥുൻ എന്ന മറ്റൊരു സുഹൃത്തിനും ബോംബ് കൈവശമുള്ള കാര്യം അറിയാമായിരുന്നു. അക്ഷയ് ആണ് ഏറുപടക്കം വാങ്ങി അതിൽ ഉഗ്രപ്രഹരശേഷിയുള്ള സ്ഫോടനവസ്തുക്കൾ ചേർത്ത് നാടൻ ബോംബുണ്ടാക്കിയത്. കൊലപാതകം, സ്ഫോടകവസ്തു കൈകാര്യം ചെയ്യൽ എന്നീ കുറ്റങ്ങളാണ് എടക്കാട് പൊലീസ് അക്ഷയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. കല്യാണപ്പാർട്ടിക്കായി പോയ സംഘത്തിലെ റിജുൽ സി കെ, സനീഷ്, ജിജിൽ എന്നിവരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു. 

സംഭവത്തിന്‍റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ബോംബ് നിർമ്മാണത്തിന് വേണ്ട സ്ഫോടക വസ്തുക്കൾ വാങ്ങാൻ അറസ്റ്റിലായ അക്ഷയും മിഥുനും മറ്റൊരു സുഹൃത്തും ചേർന്ന് പടക്ക കടയിലെത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. താഴെ ചൊവ്വയിലെ പടക്ക കടയിൽ നിന്ന് ഒരു കവറുമായി 9 മണിയോടെ ഇവർ മടങ്ങുയെന്നാണ് ദൃശ്യങ്ങളിലുള്ളത്. ഇവിടെ നിന്നാണ് പടക്കവും സ്ഫോടക വസ്തുക്കളും വാങ്ങിയതെന്ന് അറസ്റ്റിലായ പ്രതി അക്ഷയ് നേരത്തെ മൊഴി നൽകിയിരുന്നു.