മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപിക്ക് ലഭിച്ച നിധിയാണെന്ന് പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി. പദവികൾ മോഹിച്ചല്ല അവർ പാർട്ടിയിൽ എത്തിയതെന്നും രാജി ഒരു സമ്മർദ്ദ തന്ത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി ഭരിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു.

തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപിക്ക് കിട്ടിയ നിധിയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം അവർ രാജിവെച്ച വിവരം മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീലേഖ ഏതെങ്കിലും തരത്തിലുള്ള പദവികൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് വന്നയാളല്ലെന്ന് കൃഷ്ണദാസ് പറഞ്ഞു. പാർട്ടിക്ക് കരുത്തുപകരാൻ നേതൃനിരയിൽ തന്നെ അവർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ രാജി ഒരു സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ല. നേതാക്കളുടെ അഭ്യർത്ഥനയും സമ്മർദ്ദവും കാരണമാണ് അവർ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയാറായത്. ഔദ്യോഗിക ജീവിതത്തിൽ ഉടനീളം മൂല്യങ്ങൾ മുറുകെ പിടിച്ച വ്യക്തിത്വമാണ് ശ്രീലേഖയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ഇപ്പോൾ പൂർണ്ണമായും ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നത്. വരുന്ന 5 വർഷവും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി തന്നെ ഭരിക്കുമെന്നും പി.കെ. കൃഷ്ണദാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേ സമയം, ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഒത്തുതീർപ്പിന് ബിജെപി ശ്രമം നടത്തുന്നുണ്ട്. സംസ്ഥാന അധ്യക്ഷൻ നേരിട്ട് ചർച്ച നടത്തും. വ്യക്തിപരമായ കാരണമെന്ന് ചൂണ്ടിക്കാണിച്ചാണ് ആർ ശ്രീലേഖ കൗൺസിലർ സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ചിരിക്കുന്നത്.