കഴിഞ്ഞ ദിവസമായിരുന്നു കെ.ടി ജലീലിന്റെ രണ്ടു മക്കളുടെ നിക്കാഹ് ചടങ്ങ്. കുറ്റിപ്പുറത്ത് വച്ച് നടന്ന ചടങ്ങിലാണ് പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്തത്

കോഴിക്കോട്: തവനൂര്‍ എം എല്‍ എ, കെ ടി ജലീലിന്റെ മക്കളുടെ നിക്കാഹ് ചടങ്ങിന് പി.ക കുഞ്ഞാലിക്കുട്ടി എത്തിയത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. അനുകൂലിച്ചും വിമര്‍ശിച്ചുമാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ കുഞ്ഞാലിക്കുട്ടിയും ജലീലും തമ്മില്‍ ഒത്തുതീര്‍പ്പ് നടന്നെന്ന് മുന്‍ എംഎസ്എഫ് നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു കെ.ടി ജലീലിന്റെ രണ്ടു മക്കളുടെ നിക്കാഹ് ചടങ്ങ്. കുറ്റിപ്പുറത്ത് വച്ച് നടന്ന ചടങ്ങിലാണ് പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള തുടങ്ങിയവും ചടങ്ങിനെത്തിയിരുന്നു.

കുഞ്ഞാലിക്കുട്ടി പങ്കെടുത്തെങ്കിലും മറ്റ് പ്രധാന ലീഗ് നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധേയമായി. രാഷ്ട്രീയത്തില്‍ കൊണ്ടും കൊടുത്തും മുന്നേറുന്ന ജലീലും കുഞ്ഞാലിക്കുട്ടിയും പരസ്പരം കൈ കൊടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചതും പോയതും മാന്യതയാണെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ നിരന്തരം വേട്ടയാടുന്ന, കുറ്റിപ്പുറത്തെ വിജയത്തിന് ഇപ്പോഴും വീമ്പു പറയുന്ന ജലീലിന്റെ ക്ഷണം സ്വീകരിച്ച് കുഞ്ഞാലിക്കുട്ടി പോയത് ശരിയായില്ല എന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

എ ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച കെ ടി ജലീല്‍ പിന്നീട് മയപ്പെടുത്തിയിരുന്നു. ജലീലും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള സൗഹൃദത്തിനെതിരെ ലീഗില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുന്നുമുണ്ട്. കഴിഞ്ഞ ദിവസം മുന്‍ എംഎസ്എഫ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ കെ.ടി ജലീല്‍ തയ്യാറായില്ല.