ദില്ലി: ജമ്മു കശ്മീര്‍ വിഭജന ബില്ലിനെതിരെ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ലോക് സഭയിലെ ചര്‍ച്ചയ്ക്കിടെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് മലപ്പുറം എം പി നടത്തിയത്. ജമ്മു കശ്മീരിന്‍റെ കാര്യത്തില്‍ ചരിത്രം മറന്നുകൊണ്ടുള്ള അത്യധികം അപകടകരമായ കളിയാണ് മോദി സര്‍ക്കാര്‍ കളിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

കശ്മീര്‍ വിഭജനബില്ലില്‍ വേണ്ടത്ര ചര്‍ച്ച നടത്താത്തതിനെതിരെയും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ പി ഡി പിയുമായി സഖ്യത്തിലേര്‍പ്പെടുന്ന ബിജെപി എന്തുകൊണ്ടാണ് വിഭജനകാര്യത്തില്‍ അവരുമായി ചര്‍ച്ച നടത്താത്തതെന്നും ചോദിച്ചു. വലിയ ഭൂരിപക്ഷം പാര്‍ലമെന്‍റിലുണ്ടെന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ലോക്സഭയിലെ കുഞ്ഞാലിക്കുട്ടിയുടെ ചര്‍ച്ചയ്ക്ക് അതേ ഭാഷയില്‍ തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി മറുപടി നല്‍കി. 

അമിത് ഷാ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയ മറുപടി

പതിവു രീതിയിലാണ് ഇന്നും കുട്ടി സാഹിബ് (പികെ കുഞ്ഞാലിക്കുട്ടി) ഇവിടെ സംസാരിച്ചത്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണിതെന്ന് അദ്ദേഹം പരാതിപ്പെടുന്നു. ആരാണ് കശ്മീരില്‍ ന്യൂനപക്ഷം.  കശ്മീരില്‍ ഹിന്ദുക്കളില്ലേ, ജൈനന്‍മാരില്ലേ, സിഖുകാരില്ലേ ഇവര്‍ക്കൊന്നും അവിടെ ജീവിക്കണ്ടേ ? 

കുട്ടി സാഹിബ് താങ്കള്‍  ആര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. അവിടെ മുസ്ലീങ്ങള്‍ മാത്രമാണോ ജീവിക്കുന്നത് കശ്മീരിലെ ന്യൂനപക്ഷം എന്നു പറയുന്നത് സിഖുമതസ്ഥരാണ്. അവരുടെ എന്ത് അവകാശമാണ് കവര്‍ന്നെടുക്കാന്‍ പോകുന്നത്. 

370-ാം വകുപ്പ് ന്യൂനപക്ഷങ്ങളോട് അന്യായമാണ് കാണിച്ചത്. ദേശീയന്യൂനപക്ഷ കമ്മീഷന്‍റെ നിര്‍ദേശങ്ങളോ നിയമങ്ങളോ കശ്മീരില്‍ ബാധകമല്ല. അതിനു കാരണം 370-ാം വകുപ്പാണ്. പിന്നെ എങ്ങനെയാണ് ആ വകുപ്പ് ന്യൂനപക്ഷങ്ങള്‍ക്ക് എതിരാവുന്നത്. താങ്കള്‍ ഇവിടെ സംസാരിക്കുന്നത് കശ്മീരിന് വേണ്ടിയല്ല മറ്റാര്‍ക്കോ വേണ്ടിയാണ് കുട്ടി സാഹിബ്.