മലപ്പുറം: ബിഹാറിൽ പ്രതീക്ഷിച്ച നേട്ടം മഹാ സഖ്യത്തിന് ഉണ്ടായില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ചതായി കാണുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഇന്ത്യൻ രാഷ്ട്രീയം ഭാവിയിൽ ബിജെപിക്ക് സുഖകരമാവില്ലെന്ന സൂചനയും ബിഹാറിൽ നിന്നും വരുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

യുഡിഎഫ് നേതാക്കളെ ജയിലിലടക്കുമെന്ന് ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ്റെ പ്രസ്താവന അധികാര ദുർവിനിയോഗമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് നേതാക്കളെ വേട്ടയാടലിൻ്റെ ഉദാഹരണമാണ് കെ എം ഷാജിക്കെതിരെ നടക്കുന്നതും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷിച്ച് ഒന്നും കണ്ടെത്താനാവാത്ത വിജിലൻസ് കേസ് ഇഡിക്ക് കൈമാറിയെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

അതേസമയം, എട്ട് മണിക്ക് തുടങ്ങിയ ബിഹാര്‍ വോട്ടെണ്ണല്‍ മന്ദഗതിയില്‍ പുരോഗമിക്കുമ്പോള്‍ ബിജെപിയുടെ നേതൃത്വത്തില്‍ എൻഡിഎ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കാവുന്ന സ്ഥിതി ബിഹാറിലായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. 73 മണ്ഡലങ്ങളില്‍ ആയിരത്തില്‍ താഴെ മാത്രമാണ് ലീഡെന്നത് ഫലം അപ്രവചനീയമാക്കുന്നു. വോട്ടെണ്ണല്‍ തുടങ്ങി നാലരമണിക്കൂര്‍ പിന്നിടുമ്പോള്‍ മൂന്നിലൊന്ന് വോട്ടുകള്‍ മാത്രമാണ് എണ്ണിക്കഴിഞ്ഞതെന്നാണ് വ്യക്തമാകുന്നത്.

Also Read: കുതിച്ച് ബിജെപി, കിതച്ച് ജെഡിയു, നഷ്ടം ആര്‍ജെഡിക്കും, നിരാശയില്‍ കോണ്‍ഗ്രസ്, ഇടതുപക്ഷത്തിന് തിളക്കം