പേരാമ്പ്രയിൽ വെൽഫയർ പാർട്ടി കൺവെഷനിൽ യുഡിഎഫ് സ്ഥാനാർഥി പങ്കെടുക്കാതിരുന്നത് ശ്രദ്ധയിൽപ്പെടുത്തിയ വേളയിൽ അതിൽ വലിയ കാര്യമൊന്നുമില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

മലപ്പുറം : വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുമെന്നത് നേരത്തെ തീരുമാനിച്ചതാണെന്നും പുതിയ കാര്യമല്ലെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പേരാമ്പ്രയിൽ വെൽഫയർ പാർട്ടി കൺവെഷനിൽ യുഡിഎഫ് സ്ഥാനാർഥി പങ്കെടുക്കാതിരുന്നത് ശ്രദ്ധയിൽപ്പെടുത്തിയ വേളയിൽ അതിൽ വലിയ കാര്യമൊന്നുമില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സ്ഥാനാർത്ഥികൾക്ക് എല്ലാ പരിപാടിയിലും എത്താൻ കഴിയില്ലല്ലോ എന്നും കുഞ്ഞാലിക്കുട്ടി ന്യായീകരിച്ചു. എസ്ഡിപിഐ പിന്തുണ എൽഡിഎഫിനാണെന്ന് പറഞ്ഞതാണ്. അതുകൊണ്ട് എസ് ഡി പി ഐ പിന്തുണ യുഡിഎഫിന് വേണോ വേണ്ടയോ എന്ന് ചർച്ച ചെയ്യുന്നതിൽ കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാസർഗോഡ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഷാനവാസ് പാദൂരിനെതിരെ വനിതാ ലീഗ് നേതാവ് നടത്തിയ വിദ്വേഷ പരാമർശത്തിൽ പ്രതികരണത്തിന് തയ്യാറാകാതിരുന്ന കുഞ്ഞാലിക്കുട്ടി , അങ്ങനെ ഒരു കാര്യം അറിഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ ഓരോന്ന് തിരഞ്ഞു പിടിച്ചു കൊണ്ടുവരേണ്ടതില്ലെന്നും പ്രതികരിച്ചു.

വനിതാ ലീഗ് പ്രവർത്തകയുടെ പരാമർശം വിവാദത്തിൽ 

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയായ ആയിഷത്ത് ഫർസാന ഷാനവാസ് പാദൂരിനെ 'മുനാഫിഖ്' (കപട വിശ്വാസി) എന്ന് വിളിച്ചതാണ് വിവാദത്തിന് കാരണമായത്. മുള്ളേരിയയിൽ നടന്ന യുഡിഎഫ് കുടുംബ യോഗത്തിനിടെയായിരുന്നു വിദ്വേഷ പ്രസംഗം. "രാവിലെ ഒരു കൊടിയും ഉച്ചയ്ക്ക് മറ്റൊരു കൊടിയും വൈകുന്നേരം വേറൊരു കൊടിയും പിടിച്ചുനടന്ന് മുനാഫിഖിന്റെ പണിയെടുത്താണ് സ്ഥാനാർഥി എത്തുന്നതെന്നായിരുന്നു" ഫർസാനയുടെ പ്രസംഗത്തിലെ പരാമർശം. മതസ്പർദ്ദയുണ്ടാക്കുന്ന തരത്തിലും സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുമുള്ള പരാമർശത്തിനെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.