സിപിഎം ട്രസ്റ്റിന്റെ എംവിആർ അനുസ്മരണ പരിപാടിയിൽ കുഞ്ഞാലിക്കുട്ടിയും; സിഎംപിക്ക് അതൃപ്തി, പരിഹരിക്കാൻ നീക്കം
സിപി ജോൺ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലും എത്താമെന്ന് കുഞ്ഞാലിക്കുട്ടി അറിയിക്കുകയായിരുന്നു

കണ്ണൂർ: കണ്ണൂരിൽ സിപിഎം അനുകൂല എംവിആർ ട്രസ്റ്റിന്‍റെ, എംവി രാഘവൻ അനുസ്മരണ പരിപാടിയിൽ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും. ഇതിൽ യുഡിഎഫിലെ ഘടകകക്ഷിയായ സിഎംപിക്ക് അതൃപ്തിയുണ്ട്. ഇത് സിഎംപി നേതൃത്വം അറിയിച്ചതോടെ, സിഎംപി ജില്ലാ കൗൺസിലിന്‍റെ എംവി രാഘവൻ അനുസ്മരണത്തിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കാൻ തീരുമാനിച്ചു. എംവി രാഘവന്‍റെ കുടുംബം നയിക്കുന്ന ട്രസ്റ്റ് സംഘടിപ്പിക്കുന്ന സെമിനാറിൽ മന്ത്രി വി എൻ വാസവൻ, എംവി ജയരാജൻ എന്നിവർക്കൊപ്പമാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കുക. ഇതിലാണ് സിഎംപി നേരിട്ട് അതൃപ്തി അറിയിച്ചത്. ഇതോടെ സിപി ജോൺ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലും എത്താമെന്ന് കുഞ്ഞാലിക്കുട്ടി അറിയിക്കുകയായിരുന്നു. നാളെയാണ് എംവി രാഘവന്‍റെ ഒൻപതാം ചരമവാർഷികം.