പാലക്കാട്: അമിതവേഗതയിൽ പോയ ടിപ്പർ ലോറി ഡ്രൈവറോട് ക്ഷോഭിയ്ക്കുന്ന പി കെ ശശി എംഎൽഎയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. സംഭവം വിവാദമായതോടെ തെറ്റ് പറ്റിയതിന് എംഎൽഎ തന്നെ ഉപദേശിച്ചതാണെന്ന് വ്യക്തമാക്കി ടിപ്പർ ലോറി ഡ്രൈവറുടെ വിശദീകരണവുമെത്തി. 

ചെർപ്പുളശ്ശേരി മാങ്ങോടാണ് സംഭവം. ഷൊർണൂർ എംഎൽഎ പി കെ ശശി ടിപ്പർ തടഞ്ഞു നിർത്തി ഡ്രൈവറോട്, അടിച്ചു കണ്ണ് പൊട്ടിയ്ക്കും എന്ന് പറഞ്ഞ് ക്ഷോഭിയ്ക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. അമിത വേഗത്തിൽ വന്ന ടിപ്പർ എംഎൽഎയുടെ വാഹനത്തെ അപകടകരമായ രീതിയിൽ മറികടന്നതാണ് എംഎല്‍എയെ ക്ഷുഭിതനാക്കിയത്. തന്റെ ജീവന് അപകടരമായ രീതിയിലായിരുന്നു ടിപ്പർ കടന്നുപോയതെന്ന് എംഎൽഎ പറഞ്ഞു.   

വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ടിപ്പർ ഡ്രൈവർ ഇഖ്ബാലിന്റെ വിശദീകരണ വീഡിയോയും പുറത്തിറങ്ങി. തനിക്കാണ് തെറ്റ് പറ്റിയതെന്നും എംഎൽഎ ഉപദേശിച്ചതാണെന്നും ഡ്രൈവർ പറഞ്ഞു. അതേസമയം, സസ്പെൻഷൻ കഴിഞ്ഞ് സിപിഎം ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തിയ പി കെ ശശി പഴയ ശൈലിയിലേക്ക് തിരിച്ചെത്തി എന്നാണ് എതിരാളികളുടെ പ്രചാരണം.