"മോശമായി സംസാരിച്ചിട്ടുണ്ടെങ്കിൽ അത് ജോസഫൈൻ വിശദീകരിക്കണം. തെറ്റു പറ്റിയെങ്കിൽ അത് പറയാൻ തയാറാകണം" - പികെ ശ്രീമതി

കൊല്ലം: വനിതാ കമ്മീഷനിലേക്ക് പരാതി പറയാൻ വിളിച്ച സ്ത്രീയോട് എംസി ജോസഫൈൻ രൂക്ഷമായി പ്രതികരിച്ചെന്ന ആരോപണം കത്തിപ്പടരുന്നതിനിടെ സംഭവത്തിൽ പ്രതികരണവുമായി പികെ ശ്രീമതി. എംസി ജോസഫൈൻ സംസാരിച്ചത് പൂര്‍ണ്ണമായി കേൾക്കാൻ കഴിഞ്ഞിട്ടില്ല. മോശമായി സംസാരിച്ചിട്ടുണ്ടെങ്കിൽ അത് ജോസഫൈൻ വിശദീകരിക്കണം. തെറ്റു പറ്റിയെങ്കിൽ അത് പറയാൻ തയാറാകണമെന്നും പികെ ശ്രീമതി കൊല്ലത്ത് പറഞ്ഞു. പരാതി പറയാൻ വിളിക്കുന്നവരോട് മോശമായി സംസാരിക്കരുത് എന്ന് തന്നെയാണ് നിലപാടെന്നും പികെ ശ്രീമതി അറിയിച്ചു. 

തുടര്‍ന്ന് വായിക്കാം: അനുഭവിച്ചോയെന്ന് പറഞ്ഞിട്ടില്ല, തെറി പറഞ്ഞിട്ടില്ല, അത് പൊലീസിൽ കൊടുക്കേണ്ട പരാതി: ക്ഷുഭിതയായി ജോസഫൈൻ

"മാറണം മനോഭാവം സ്ത്രീകളോട്" എന്ന പേരിൽ 26 മുതൽ ക്യാന്പെയിൻ സംഘടിപ്പിക്കുമെന്നും പികെ ശ്രീമതി അറിയിച്ചു. പുരുഷ കേന്ദ്രീകൃതമായി കാലങ്ങളായി തുടരുന്ന കല്യാണ വ്യവസ്ഥകളിൽ കാതലായ മാറ്റങ്ങൾ വേണമെന്ന നിലപാടും പികെ ശ്രീമതി ആവര്‍ത്തിച്ചു. 

കല്യാണത്തെ കുറിച്ചുള്ള മനോഭാവം മാറണം. പെണ്ണുകാണലല്ല ആണുകാണലും പതിവാക്കണം. എന്തുകൊണ്ട് വധു വരനെ കാണാൻ പോകുന്നില്ല ?വധു സ്വർണ്ണത്തിൽ മുങ്ങുന്നത് നിയമവിരുദ്ധമാക്കണം, വിവാഹ ശേഷം വധു വരന്റെ വീട്ടിലേക്ക് മാത്രമല്ല വരൻ വധുവിന്റെ വീട്ടിലേക്ക് വരുന്ന വിധത്തിലും പതിവുകളുണ്ടാകണം. ഈ ആവശ്യങ്ങളുന്നയിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കുമെന്നും പികെ ശ്രീമതി അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona