ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ. റീനയെ സ്ഥലം മാറ്റിയ നടപടി നിയമവിരുദ്ധമാണെന്ന് മുൻ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി വിമർശിച്ചു. അവധിക്ക് അപേക്ഷിച്ചെന്ന കാരണം ഒഴിവാക്കി ആരോഗ്യവകുപ്പ് ഉത്തരവിൽ തിരുത്തൽ വരുത്തിയെങ്കിലും, താൻ രണ്ടര ദിവസത്തെ അവധിയാണ് ചോദിച്ചതെന്ന് ഡോ. റീന വ്യക്തമാക്കി.

ദില്ലി: ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റിയതിൽ കടുത്ത വിമർശനവുമായി മുൻ ആരോഗ്യ മന്ത്രി പി കെ ശ്രീമതി. നോട്ടീസ് അയക്കാതെ ആരെയും മാറ്റാൻ പറ്റില്ല. ഒരു മണിക്കൂർ കൊണ്ടാണ് ഉത്തരവ് ഇറങ്ങിയത്. ഇത് നിയമവിരുദ്ധമാണ്. സ്ഥലം മാറ്റിയിരിക്കുന്നത് കൺസൾട്ടന്‍റ് എന്ന പോസ്റ്റിലാണ്. അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള ഒരു ഡോക്ടറെ സ്പെഷ്യലിറ്റി കേഡറിലേക്ക് അവരുടെ സമ്മതമില്ലാതെ മാറ്റാൻ കഴിയില്ല. വളരെയധികം സാങ്കേതിക തകരാറുകൾ ഇവിടെയുണ്ട്. ഡോക്ടർ റീനയുടെ പേരിൽ പിഴവ് ഉണ്ടെങ്കിൽ അവർക്ക് നോട്ടീസ് നൽകാമായിരുന്നുവെന്നും ശ്രീമതി കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ പാർട്ടിക്ക് പത്മകുമാറിനെ പേടിയില്ലെന്നും അവര്‍ പറഞ്ഞു. പാർട്ടി എന്തിനാണ് പേടിക്കുന്നത്. ഒരു ശിക്ഷാനടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പാർട്ടിക്ക് പലവിധ ശിക്ഷ നടപടികൾ ഉണ്ടായിട്ടുണ്ട്. നടപടിയെ പത്മകുമാർ തന്നെ സ്വാഗതം ചെയ്തു. ഒരു സമ്മർദ്ദത്തിനും സിപിഎം വഴങ്ങിയിട്ടില്ലെന്നും ശ്രീമതി വ്യക്തമാക്കി.

അതേസമയം, ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി എച്ച് എസ്) ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ ആരോഗ്യ വകുപ്പ് തിരുത്തൽ വരുത്തിയിരുന്നു. ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കിക്കൊണ്ടാണ് തിരുത്ത് വരുത്തിയത്. പുതിയ ഡി എച്ച് എസിന്റെ നിയമന നടപടികൾ നടക്കുന്നതിനാൽ മാറ്റം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. 15 ദിവസം അവധി അപേക്ഷിച്ചതിനാലാണ് മാറ്റം എന്ന ഉത്തരവിനെതിരെ നേരത്തെ റീനയടക്കം വലിയ വിമർശനം ഉയർത്തിയിരുന്നു. ആരോഗ്യവകുപ്പിൻ്റെ നടപടി ഞെട്ടിച്ചുവെന്നാണ് ഡോ. റീന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥത കാരണം രണ്ടര ദിവസത്തേക്കാണ് അവധി ചോദിച്ചിരുന്നതെന്നും ഡോ. റീന വ്യക്തമാക്കിയിരുന്നു. ഇത്രയും കാലം സർവീസ് കഴിഞ്ഞ് പോകുന്നയാൾക്കെതിരെ തെറ്റായ ചിത്രീകരണം നടത്തരുതെന്നടക്കം ഡോ. റീന ആവശ്യപ്പെട്ടിരുന്നു.