Asianet News MalayalamAsianet News Malayalam

ആഫ്രിക്കന്‍ പന്നിപ്പനി : രോഗം കണ്ടെത്തിയ ഫാമിന്റെ ഒരു കിലോമീറ്റർ പരിസരത്തെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും

പത്തുകിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. മനുഷ്യരിലേക്ക് പകരില്ലെങ്കിലും രോഗ വാഹകരാകാന്‍ സാധ്യതയുള്ളതിനാല്‍ പന്നിഫാമുകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം വിലക്കി.

planning to kill all pigs around one kilometer area of african swine fever first case confirmed farm wayanad
Author
Kerala, First Published Jul 23, 2022, 6:57 AM IST

കൽപ്പറ്റ : വയനാട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗം കണ്ടെത്തിയ ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും. പത്തുകിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. മനുഷ്യരിലേക്ക് പകരില്ലെങ്കിലും രോഗ വാഹകരാകാന്‍ സാധ്യതയുള്ളതിനാല്‍ പന്നിഫാമുകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം വിലക്കി.

വയനാട് മാനന്തവാടിയിലെ രണ്ട് വാര്‍ഡുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ തവിഞ്ഞാലിലെ ഫാമിൽ മൂന്നോറോളം പന്നികളുണ്ട്. ഇവയെ ഉടൻ കൊന്നൊടുക്കാനാണ് മൃഗ സംരക്ഷണ വകുപ്പിന്‍റെ തീരുമാനം. ഇതിനായി വിദഗ്ധ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യും. രണ്ട് ദിവസത്തിനുള്ളിൽ പന്നികളെ കൊന്നൊടുക്കും. വൈറസ് രോഗമായതിനാൽ കൊന്നൊടുക്കുന്ന പന്നികളെ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സംസ്കരിക്കുക. പന്നിഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. കാട്ടുപന്നികളിലും രോഗം വരാനാള്ള സാധ്യതയുണ്ട്. രോഗം സ്ഥിരീകരിച്ച മേഖലകളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതിനും വില്‍പന നടത്തുന്നതിനും നിരോധനമുണ്ട്. രോഗ വ്യാപനം തടയുന്നതിനായി ചെക്ക്പോസ്റ്റുകളിലെ പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു.

ആഫ്രിക്കൻ പന്നിപ്പനി മാനന്തവാടി തവിഞ്ഞാലിലെ പന്നിഫാമിൽ, ജില്ലയിൽ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തര യോഗം

വയനാട്ടിൽ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിലെ മുഴുവൻ പന്നി ഫാമുകൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പന്നികൾ ചത്താലോ രോഗം ഉണ്ടായാലോ ഉടൻ സർക്കാരിനെ അറിയിക്കണമെന്നാണ് നിർദേശം. എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം കർശനമാക്കും.ഫാമുകൾ അണുവിമുക്തമാക്കാനും നിർദേശം നൽകി. പുറത്ത് നിന്നുള്ളവരെ ഫാമുകളിലേക്ക് പ്രവേശിപ്പിക്കില്ല. പന്നികളെ ബാധിക്കുന്ന അതിഗുരുതരമായ ഈ രോഗത്തിന് ഫലപ്രദമായ ചികിൽസയോ വാക്സീനോ നിലവിലില്ല.വൈറസ് രോഗമായതിനാൽ പെട്ടെന്ന് പടരാമെന്നതും അതിജാഗ്രത ആവശ്യപ്പെടുന്നു.


എന്താണ് ആഫ്രിക്കൻ സ്വൈൻഫീവർ?(African Swine Fever)

ആഫ്രിക്കൻ സ്വൈൻ ഫീവർ പന്നികളിൽ നിന്ന് മനുഷ്യരിലേക്കു പകരുന്ന അസുഖമല്ല. പന്നികളിൽ മാത്രം ഒതുങ്ങി കാണപ്പെടുന്ന വൈറസ് രോഗമാണിത്. മറ്റ് പന്നികളിലേക്ക് അതിവേഗം പടരുമെന്നതാണ് ഇതിന്റെ ഭീഷണി. വളർത്തുപന്നികളെയും കാട്ടുപന്നികളെയും മുള്ളൻപന്നികളെയും രോഗം ബാധിക്കും.

വയനാട്ടിൽ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി,രോഗം കണ്ടെത്തിയ ഫാമിലെ പന്നികളെ കൊല്ലും,ചെക് പോസ്റ്റുകളിൽ പരിശോധന

കാട്ടുപന്നികളെ അപേക്ഷിച്ച് നാടൻ പന്നികളിലും സങ്കരയിനങ്ങളിലും രോഗസാധ്യത ഉയർന്നതാണ്. രോഗകാരിയായ വൈറസിന്റെ സംഭരണികൾ ആയാണ് ആഫ്രിക്കൻ കാട്ടുപന്നികൾ അറിയപ്പെടുന്നത്. വൈറസിന്റെ നിലനില്പിനും വ്യാപനത്തിനുമെല്ലാം വലിയ പങ്കുവഹിക്കുന്ന ഇവയിൽ ഈ വൈറസ് രോഗമുണ്ടാക്കാറില്ല. രോഗവാഹകരോ രോഗബാധിതരോ ആയ പന്നികളുമായും അവയുടെ വിസർജ്യങ്ങളുമായുള്ള സമ്പർക്കത്തിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്.

Follow Us:
Download App:
  • android
  • ios