പാലക്കാട് മലമ്പുഴയിൽ നവോദയ സ്കൂളിന് സമീപം വീണ്ടും പുലിയിറങ്ങിയ സാഹചര്യത്തിൽ കൂട് സ്ഥാപിക്കുന്നകാര്യം ആലോചനയിലെന്ന് വനംവകുപ്പ്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രദേശവാസികൾ സർക്കാർ സ്‌കൂൾ പരിസരത്ത് ആദ്യം പുലിയെ കണ്ടത്
പാലക്കാട്: പാലക്കാട് മലമ്പുഴയിൽ നവോദയ സ്കൂളിന് സമീപം വീണ്ടും പുലിയിറങ്ങിയ സാഹചര്യത്തിൽ കൂട് സ്ഥാപിക്കുന്നകാര്യം ആലോചനയിലെന്ന് വനംവകുപ്പ്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രദേശവാസികൾ സർക്കാർ സ്‌കൂൾ പരിസരത്ത് ആദ്യം പുലിയെ കണ്ടത്. പിന്നാലെ വനം, ആർആർടി സംഘങ്ങളുടെ മുഴുവൻ സമയ നിരീക്ഷണവും ക്യാമറയും സ്ഥാപിച്ചിരുന്നു. വനംവകുപ്പിന്‍റെ ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞിട്ടില്ല. സിസിടിവിയിൽ നിന്നു പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചെന്നാണു സൂചന. എന്നാൽ വ്യാഴാഴ്ച വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞയിടങ്ങളിൽ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപാടുകൾ വനം വകുപ്പ് കണ്ടെത്തിയിരുന്നു. ഇതോടെ എത്തിയതു പുലിയാണെന്നു വനംവകുപ്പും സ്ഥിരീകരിച്ചു.
മലമ്പുഴയിലേക്കുള്ള രാത്രിയാത്രാ വിലക്കിന് പുറമെ പ്രദേശത്ത സ്‌കൂളുകളിലെ പ്രവർത്തന സമയത്തിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 8 മണിയോടെ പുലി റോഡു മുറിച്ചു കടക്കുന്നത് കണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മലമ്പുഴ ഗവ.ഹയർസെക്കൻഡറി സ്കൂൾ, ജവഹർ നവോദയ സ്കൂൾ, ഗിരിവികാസ്, മലമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം, പൊലീസ് സ്റ്റേഷൻ, ജില്ലാ ജയിൽ, ജലസേചന വകുപ്പ് ക്വാർട്ടേഴ്സുകൾ ഉൾപ്പെടെയുള്ള സ്ഥലത്താണു പുലി എത്തിയത്. പ്രദേശത്തു കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണു നാട്ടുകാരുടെ ആവശ്യം



