കൊച്ചി: വി ഡി സതീശൻ എംഎൽ എയ്ക്കെതിരെ ഹൈക്കോടതിയിൽ സ്വകാര്യ ഹർജി. വി ഡി സതീശൻ നേതൃത്വം നൽകുന്ന പുനർജനി എന്ന സംഘടന അനുവാദമില്ലാതെ വിദേശ സഹായം സ്വീകരിക്കുന്നുവെന്നാണ് ആക്ഷേപം. ഇക്കാര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഹർജി സിംഗിൾ ബെഞ്ച് നാളെ പരിഗണിക്കും. 

നിയമസഭാ സെക്രട്ടറിയേറ്റിന്റെ അറിവോടെയല്ല ‘പുനർജനി: പറവൂരിന് പുതുജീവൻ’ എന്ന പദ്ധതി ആവിഷ്കരിച്ചതെന്ന്  വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. പറവൂർ എംഎൽഎ ആയിരിക്കെ വി ഡി സതീശൻ ആണ് പദ്ധതി ആവിഷ്കരിച്ചത്. ചിറ്റാറ്റുകര പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ടി എസ് രാജന് ലഭിച്ച വിവരാവകാശ രേഖ പ്രകാരം 
വി ഡി സതീശൻ നടത്തിയ വിദേശയാത്രകൾ നിയമസഭാ സെക്രട്ടറിയേറ്റിന്റെ അനുമതിയോടെയല്ലെന്നും വ്യക്തമായിരുന്നു. 

കേന്ദ്രസർക്കാരിന്റെ അനുമതി വാങ്ങിയാണ് വിദേശയാത്രകൾ നടത്തി പദ്ധതിക്ക് പണം പിരിച്ചതെന്ന് വി ഡി സതീശൻ വാദിച്ചിരുന്നെങ്കിലും പ്രളയ ദുരിതാശ്വാസത്തിനുള്ള ധനമാഹരണത്തിന് വിദേശയാത്ര നടത്താൻ മന്ത്രിമാർക്ക് പോലും കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടാതിരിക്കെ എംഎൽഎ മാത്രമായ വി ഡി സതീശന് എങ്ങനെ അനുമതി ലഭിച്ചു എന്ന ചോദ്യം ഉയർന്നിരുന്നു