നിബന്ധനകൾക്ക് വിധേയമായി ആഗോള അയ്യപ്പ സംഗമം നടത്താൻ ഹൈക്കോടതി നൽകിയ അനുമതി അപകടകരമായ കീഴ്‌വഴക്കമെന്ന് കുറ്റപ്പെടുത്തി, പരിപാടി തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിച്ചു

DID YOU
KNOW
?
ആഗോള അയ്യപ്പ സംഗമം എന്ത്?
ശബരിമലയുടെ ഭാവി വികസനം ലക്ഷ്യമിട്ട് ആഗോള തലത്തിലുള്ള അയ്യപ്പ ഭക്തരുടെ അഭിപ്രായം തേടാൻ സമ്മേളനമാണിത്

ദില്ലി: ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജികൾ. കേസിൽ ഹൈക്കോടതിയിലെ ഹർജിക്കാരൻ വിസി അജികുമാറും ഡോ.പിഎസ് മഹേന്ദ്ര കുമാർ എന്നിവർ സുപ്രീംകോടതിയെ സമീപിച്ചു. സർക്കാരിന്റെ രാഷ്ട്രീയനീക്കമെന്നും പമ്പ തീരത്ത് സംഗമം നടത്തുന്നത് വനനിയമങ്ങളുടെ ലംഘനമാണെന്നും അജികുമാർ നൽകിയ ഹർജിയിൽ വാദിക്കുന്നു. പ്രാഥമികകാര്യങ്ങൾ പരിശോധിക്കാതെയാണ് ഹൈക്കോടതി തീരുമാനമെന്നും ഹർജിയിൽ പറയുന്നു. 

അജികുമാറിനായി അഭിഭാഷകൻ ടോം ജോസഫാണ് ഹർജി സമർപ്പിച്ചത്. അതെസമയം ഡോ.പിഎസ് മഹേന്ദ്ര കുമാർ നൽകിയ ഹർജിയിൽ പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ദേവസ്വം ബോർഡുകളെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു.ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഹർജിയിൽ വാദിക്കുന്നു. മഹേന്ദ്ര കുമാറിനായി അഭിഭാഷകൻ എംഎസ് വിഷ്ണു ശങ്കറാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തതത്. ഹർജികളിൽ അടിയന്തരവാദം കേൾക്കണമെന്ന ആവശ്യം കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്.

ഹൈക്കോടതി അനുമതി നിബന്ധനകളോടെ

വ്യവസ്ഥകൾക്ക് വിധേയമായാണ് സംസ്ഥാന സർക്കാരിനും ദേവസ്വം ബോർ‍ഡിനും ആഗോള അയ്യപ്പ സംഗമം നടത്താൻ ഹൈക്കോടതി അനുമതി നൽകിയത്. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ ദേവസ്വം ബെ‌ഞ്ച് പുറപ്പെടുവിച്ചു. പമ്പയുടെ പരിശുദ്ധി പൂർണമായി കാത്ത് സൂക്ഷിച്ചുകൊണ്ടാകണം പരിപാടി നടത്തേണ്ടത്. പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഇപ്പോഴോ പിന്നീടോ പ്രത്യേക പരിഗണന പാടില്ല. സ്പോൺസറിങ് അടക്കം സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരിക്കണം. സംഗമം നടത്തിയ 45 ദിവസങ്ങൾക്കുളളിൽ ഓഡിറ്റിങ് നടത്തി ദേവസ്വം സ്പെഷൽ കമ്മീഷണർ മുഖേന കണക്കുകൾ ദേവസ്വം ബെഞ്ചിനെ അറിയിക്കണം. സാധാരണ തീർഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും ഇക്കാര്യം സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡുും ഉറപ്പുവരുത്തണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.