യാതൊരു പഠനവും നടത്താതെ പാർക്ക് തുറന്നുവെന്നും പിവി അൻവറിന്റെ സ്വാധീനത്തിലാണ് നടപടിയെന്നും കുറ്റപ്പെടുത്തൽ

കൊച്ചി: നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള പാർക്ക് തുറന്നു കൊടുത്ത നടപടിയിൽ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി. പാർക്ക് തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും പാർക്കിലെ അനധികൃത നിർമ്മാനങ്ങൾ പൊളിക്കണമെന്നുമാണ് ആവശ്യം. യാതൊരു പഠനവും നടത്താതെ പാർക്ക് തുറന്നുവെന്നും പിവി അൻവറിന്റെ സ്വാധീനത്തിലാണ് നടപടിയെന്നും വിദഗ്ധ സമിതിയെ കൊണ്ട് കെട്ടിടങ്ങളുടെ സ്ഥിരത പരിശോധിച്ചില്ലെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നുണ്ട്. 

നദീതട സംരക്ഷണ സമിതി പ്രവർത്തകൻ പി വി രാജൻ ആണ് ഹർജിക്കാരൻ. സഹകരണ സൊസൈറ്റിയുടെ പഠന റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് പാർക്ക് തുറന്നതെന്നും സർക്കാറിന്റെ കീഴിൽ നിരവധി ഏജൻസികളുള്ളപ്പോഴാണ് സഹകരണ സൊസൈറ്റിയെ പഠിക്കാൻ ഏൽപ്പിച്ചതെന്നും ഹർജിക്കാരൻ വിമർശിക്കുന്നു. കേസിൽ വിധി വരുന്നത് വരെ പാർക്കിന്റെ പ്രവർത്തനം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഇന്ന് പരിഗണിക്കും.

പിവി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന പാർക്ക് പൊതുജന ജീവന് ഭീഷണിയാണെന്നാണ് ഹർജിക്കാരൻ പറയുന്നത്. 2018ൽ മണ്ണിടിച്ചലടക്കം ഉണ്ടായതിനെ തുടർന്ന് അടച്ചിട്ട പാർക്ക് വീണ്ടും തുറക്കാൻ അനുമതി നൽകിയത് വിദഗ്ധ പഠനമില്ലാതെയാണ്. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് കീഴിൽ പാർക്കിന്‍റെ സ്ഥിരത അടക്കം പഠിക്കാൻ ഏജൻസി ഉണ്ടെന്നിരിക്കെ, സ്വകാര്യ ഏജൻസിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് പാർക്ക് തുറന്നത്.

ജില്ലാ കളക്ടറും പഞ്ചായത്തും നേരത്തെ നൽകിയ സ്റ്റോപ് മെമ്മോയിലെ ആശങ്കകളൊന്നും പരിഗണിക്കാതെയാണ് സർക്കാർ ഉത്തരവ്. അൻവറിന്‍റെ രാഷ്ട്രീയ സ്വാധീനമാണ് ഇതിന് കാരണം. പാർക്കിൽ നിരവധി അനധികൃത നിർമ്മാണം നടന്നിട്ടുണ്ട്. ഇതിന്‍റേതടക്കമുള്ള സ്ഥിരത പരിശോധിക്കാനും അനധികൃത നിർമ്മാണം പൊളിക്കാനും നടപടി വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. ഹർജിയിൽ വിധിവരുന്നത് വരെ പൊതുജന സുരക്ഷ മുൻനിർത്തി പാർക്ക് തുറക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹ‍ജിക്കാരനായ ടിവി രാജൻ ആവശ്യപ്പെട്ടിടുണ്ട്. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്