കൊച്ചി: ചാർട്ടേർഡ് വിമാനത്തിൽ വരുന്ന പ്രവാസികൾക്ക്  കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ്  നിർബന്ധമാക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. റാപ്പിഡ് ടെസ്റ്റ്‌ റിസൾട്ട്‌ ഉള്ളവർക്ക് യാത്ര ചെയ്യാൻ അനുമതി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് ഇതിനായി ഉത്തരവ് നൽകണം എന്നും ഹർജിക്കാർ പറയുന്നു. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. പത്തനംതിട്ട സ്വദേശി റെജി താഴ്‌മൺ ആണ് ഹർജി നൽകിയത്. 

പ്രവാസികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ കൊവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി അവരെ മരണത്തിലേക്കു തള്ളിവിടുന്നതിനു തുല്യമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിട്ടുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

പ്രവാസികളെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ജൂണ്‍ 20 മുതലാണ് പ്രാബല്യത്തില്‍ വരിക. അന്നു മുതലുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ റദ്ദാക്കേണ്ട അത്യന്തം ഗുരുതരമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഗള്‍ഫില്‍ 226 മലയാളികളുടെ ജീവന്‍ ഇതിനോടകം പൊലിഞ്ഞ കാര്യം നാം മറക്കരുതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

ഇറ്റലിയിലുള്ള മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ക്ക് തിരിച്ചുവരാന്‍ കൊവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തിയ കേന്ദ്രനടപടിക്കെതിരെ മുഖ്യമന്ത്രി കഴിഞ്ഞ മാര്‍ച്ച് 11ന് നിയമസഭയില്‍ ശക്തമായി രംഗത്തുവരുകയും കേരള നിയമസഭ ഇതു സംബന്ധിച്ച പ്രമേയം  പാസാക്കുകയും ചെയ്തിരുന്നു. അത്തരമൊരു നിലപാട് ഗള്‍ഫിലെ പ്രവാസികളോടും സ്വീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, വിദേശത്തുനിന്നും ചാർട്ടേഡ് വിമാനത്തിലെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് കർശനമാക്കിയ നടപടിയില്‍ സംസ്ഥാന സർക്കാർ ഇളവ് തേടിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിലെ അംബാസഡിർമാരോട് പരിശോധനാ മാനദണ്ഡങ്ങൾ നൽകാനാവശ്യപ്പെട്ട് സര്‍ക്കാര്‍ കത്ത് നൽകിയിരുന്നു. ഈ മാസം 20 മുതൽ വിദേശരാജ്യങ്ങളിൽ നിന്നും ചാർട്ടേഡ‍് വിമാനങ്ങളിൽ കേരളത്തിലേക്ക് വരാൻ കൊവിഡ് ഇല്ലെന്ന റിപ്പോർട്ട് നിർബന്ധമാക്കി നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി വിവിധ സംഘടനകള്‍ക്ക് അയച്ച കത്ത് വന്‍ വിവാദമായിരുന്നു. വിദേശത്തു നിന്നും എത്തുന്നവരിൽ രോഗവ്യാപനതോത് കൂടിയ സാഹചര്യത്തിലാണ് ഇതെന്നായിരുന്നു കത്തിലെ വിശദീകരണം. 

Read Also: കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമെന്നതില്‍ ഇളവ് തേടി സര്‍ക്കാര്‍; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കത്ത്...