കൊച്ചി: ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണം എന്ന സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയായി. ഹർജി ഹൈക്കോടതി വിധിപറയാൻ മാറ്റി. ഷുഹൈബ് വധക്കേസിലെ പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ടെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കാണിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദമാണ് പൂര്‍ത്തിയായത്. 

ഷുഹൈബ് വധക്കേസിന്‍റെ അന്വേഷണം ഒരു വര്‍ഷം മുമ്പ് സിംഗിള്‍ ബെഞ്ച് സിബിഐക്ക് വിട്ടിരുന്നു. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍  കഴിഞ്ഞ വർഷം മാർച്ചിലാണ് ജസ്റ്റിസ് ബി കെമാൽപാഷ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 

കേസിലെ അന്വേഷണം പൂര്‍ത്തിയായതായും ഗൂഢാലോചന അടക്കം വിശദമായി അന്വേഷിച്ചതാണെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി വീണ്ടും അന്വേഷിക്കേണ്ടതില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. 2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്. 

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എസ് പി ഷുഹൈബിനെ കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അക്രമിസംഘം വെട്ടിക്കൊല്ലുകയായിരുന്നു. മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ.