Asianet News MalayalamAsianet News Malayalam

'ഭൂമിയിടപാട് കേസിൽ കർദിനാൾ ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണം'; ഹർജി കോടതിയിൽ

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജറായി ആലഞ്ചേരി ജാമ്യം എടുത്തത്. 

plea to cancel cardinal george alencherrys bail in land sale case
Author
First Published Jan 31, 2023, 12:24 PM IST

കൊച്ചി : സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാക്കനാട് മജിസ്ട്രേട്ട് കോടതിയിൽ ഹർജി. ജോഷി വർഗീസ് ആണ് ഹർജി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജറായി ആലഞ്ചേരി ജാമ്യം എടുത്തത്. 

അതിരൂപതയുടെ 1.60 ഏക്കർ ഭൂമി  വിവിധ ആളുകൾക്ക്  വിൽപ്പന നടത്തിയതിൽ ക്രമക്കേടുണ്ടെന്ന ജോഷി വർഗീസിന്‍റെ പരാതിയിൽ  പ്രഥമദൃഷ്ടിയാൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് കർദ്ദിനാൾ അടക്കം 3 പേരെ പ്രതിയാക്കി 6  കേസുകളെടുത്തത്. ഗൂഢാലോചന, വിശ്വാസവഞ്ചന, അടക്കമുള്ളവകുപ്പുകൾ ചുമത്തിയാണ് കേസുകൾ. കർദ്ദിനാളിന് പുറമെ സിറോ മലബാർ സഭയുടെ മുൻ പ്രോക്യൂറേറ്റർ ജോഷി പുതുവ, ഭൂമി വിൽപ്പനയുടെ ഇടനിലക്കാരൻ സാജു വ‍ർഗീസ് കുന്നേൽ എന്നിവരാണ് കേസിലെ കൂട്ട് പ്രതികൾ. 

സിറോ മലബാർ സഭ ഭൂമിയിടപാട് സംബന്ധിച്ച ഹർജികൾ സുപ്രീം കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഉത്തരവിൽ ഹൈക്കോടതി സ്വീകരിക്കുന്ന തുടർ നടപടികളിൽ വാക്കാൽ അതൃപ്തി രേഖപ്പെടുത്തിയ ശേഷമാണ് സുപ്രീംകോടതി വിധി പറയാൻ മാറ്റിയത്. 

സഭാ ഭൂമിയിടപാടിലെ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സുപ്രീംകോടതിയിൽ എത്തിയിരുന്നു. ആസ്തി വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവ്  ചോദ്യം ചെയ്ത ബത്തേരി രൂപത അടക്കം നല്കിയ ഹർജികളിലും കോടതി രണ്ടു ദിവസം വാദം കേട്ടു. കേസിൽ കക്ഷി ചേരാൻ കേരള കത്തോലിക് ചർച്ച് റിഫോംസ് ഗ്രൂപ്പും ഷൈൻ വർഗീസും നൽകിയ അപേക്ഷ കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ ഇവരെ കക്ഷി ചേർക്കേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞു.  

George Alencherry : സഭാ ഭൂമി ഇടപാട് കേസ്; കർദിനാൾ നാളെ കോടതിയിൽ ഹാജരാകില്ല, സമയം നീട്ടിച്ചോദിക്കാൻ തീരുമാനം

ക്രിമിനൽ നടപടി ചട്ടത്തിലെ 482-ാം വകുപ്പ് പ്രകാരം കേസ് റദ്ദാക്കാൻ നൽകുന്ന ഹർജികളിൽ ഹൈക്കോടതിക്ക് എങ്ങനെ മറ്റു നടപടികൾ സ്വീകരിക്കാനാകുമെന്ന് കോടതി വാദത്തിനിടെ ചോദിച്ചു. കേസുകൾ  റദ്ദാക്കണമെന്ന കർദ്ദിനാളിൻ്റെ ഹർജി തള്ളിക്കൊണ്ടാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വിധിച്ചത്. ഇതു ചോദ്യം ചെയ്ത കോടതി എന്നാൽ ഇക്കാര്യത്തിൽ ഹൈക്കോടതി അധികാരത്തിൻറെ നിയമവശത്തിലേക്ക് തല്ക്കാലം കടക്കുന്നില്ല എന്നറിയിച്ചു. 

'കുർബാന ഏകീകരണം നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥർ'; സർക്കുലര്‍ ഇറക്കി കർദിനാൾ ജോർജ് ആലഞ്ചേരി

Follow Us:
Download App:
  • android
  • ios