പെൺകുട്ടികളോട് സംസാരിച്ചു എന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്ന് വിദ്യാർത്ഥി പറയുന്നു. ഷർട്ട് വലിച്ച് കീറി എന്നും പരാതിയുണ്ട്. കെഎസ്ആര്‍ടിസി കൺട്രോളിങ് ഇൻസ്‌പെക്ടർ സുനിലിനെതിരെയാണ് പരാതി.

തിരുവനന്തപുരം: തിരുവനന്തപുരം പൂവാർ ബസ് സ്റ്റാൻഡിൽ പെൺകുട്ടികളോട് സംസാരിച്ചതിന് പ്ലസ് വൺ വിദ്യാർത്ഥിയെ കെഎസ്ആർടിസി കൺട്രോളിംഗ് ഇൻസ്പെക്ടർ മർദ്ദിച്ചതായി പരാതി. മുറിയിലേക്ക് കൊണ്ട് പോയി ഷർട്ട് വലിച്ച് കീറി മർദ്ദിച്ചെന്നാണ് ഷാനു എന്ന വിദ്യാർത്ഥിയുടെ പരാതി. അതേസമയം മർദ്ദിച്ചിട്ടില്ലെന്നും ആൺകുട്ടികൾ ശല്യം ചെയ്യുന്നുവെന്ന് പെൺകുട്ടികൾ പരാതിപ്പെട്ടത് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും കൺട്രോളിംഗ് ഇൻസ്പെക്ടർ വിശദീകരിച്ചു. 

സഹപാഠികളായ പെൺകുട്ടികളോട് സംസാരിച്ചതിന്‍റെ പേരിൽ കെഎസ്ആർടിസി കൺട്രോളിംഗ് ഇൻസ്പെട്കർ സുനിൽകുമാർ മർദ്ദിച്ചെന്നാണ് ഷാനുവിനറെ പരാതി. അരുമാനൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഷാനു. ഷർട്ട് കീറിയ നിലയിലുള്ള ഷാനുവിൻ്റെ വീഡിയോ പുറത്തുവന്നിരുന്നു, ഒപ്പമുണ്ടായിരുന്ന പെൺകുട്ടികളും സ്റ്റാൻഡിലുണ്ടായിരുന്ന നാട്ടുകാരും ഷാനുവിൻ്റെ പരാതി ശരിവെക്കുന്നുണ്ട്. കെഎസ്ആർടിസി ജീവനക്കാരൻറെ നടപടിയെ എതിർക്കുന്നമുണ്ട്.

സ്റ്റാൻഡിലുണ്ടായിരുന്ന നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൂവാർ പൊലീസ് സ്ഥലത്തെത്തി ഷാനുവിനെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. സുനിൽ കുമാറിനെതിരെ ഷാനു പരാതി നൽകി. അതേസമയം ഷാനുവിൻ്റെ പരാതി തള്ളുകയാണ് സുനിൽകുമാർ. ബസ് സ്റ്റാൻഡിൽ പെൺകുട്ടികൾ ഇരിക്കുന്ന ഭാഗത്ത് സ്ഥിരമായി ആൺകുട്ടികളെത്തി ശല്യം ചെയ്യുന്നത് പതിവാണ്. ഇന്ന് രാവിലെയും പെൺകുട്ടികൾ പരാതിപ്പെട്ടത് കൊണ്ടാണ് ഇടപെട്ടതെന്നാണ് വിശദീകരണം. ബസ് സ്റ്റാൻഡിൽ മോശമായി പെരുമാറിയെന്ന് കാണിച്ച് ഷാനുവിനെതിരെ സുനിൽ കുമാറും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

YouTube video player

കഴിഞ്ഞ ദിവസം, തിരുവനന്തപുരം വെള്ളറടയിൽ കെഎസ്ആർടിസി കണ്ടക്ടർ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു. വെള്ളറട സ്വദേശിയും അമരവിള ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ അഭിൻ രാജേഷിനാണ് ( 16 ) മർദനമേറ്റത്. നെഞ്ചിലും മുഖത്തും മർദ്ദനമേറ്റ വിദ്യാർത്ഥി വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വെള്ളറട ഡിപ്പോയിലെ കണ്ടക്ടർ മണത്തോട്ടം സ്വദേശി ആനന്ദിനെതിരെയാണ് വിദ്യാർത്ഥിയുടെ അച്ഛൻ രാജേഷ് വെള്ളറട പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. 

സ്കൂളിലേക്കുള്ള യാത്രയിൽ ബസിനുള്ളിൽ സുഹൃത്തുക്കളായ രണ്ട് പേർ തമ്മിൽ ഉണ്ടായ വാക്കേറ്റം നിയന്ത്രിക്കാൻ ഇടപെടുകയായിരുന്ന അഭിൻ രാജേഷിനോട്, കണ്ടക്ടർ തട്ടിക്കയറുകയും ഉടുപ്പിൽ കുത്തിപ്പിടിച്ചശേഷം മുഖത്തു അടിക്കുകയും ആയിരുന്നു എന്നാണ് പരാതി. അതിനിടെ, പൂവാറിൽ കെഎസ്ആർടിസി ബസ്സിനുള്ളിൽ ഓടി കളിച്ചതിന് ആറര വയസ്സുകാരിക്ക് മർദ്ദനം നേരിട്ടെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ പൂവാർ കെഎസ്ആർടിസി ഡിപ്പോയിൽ ആണ് സംഭവം. കരുംകുളം നിവാസിയായ അമ്മയും രണ്ട് മക്കളുമാണ് ചെങ്കണിന് ചികിത്സ തേടി പൂവാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയത്.

Also Read: ഉടുപ്പിൽ കുത്തിപ്പിടിച്ചു, മുഖത്തടിച്ചു; കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ പരാതിയുമായി പ്ലസ് വൺ വിദ്യാർത്ഥി