Asianet News MalayalamAsianet News Malayalam

പ്ലസ് ടു കോഴക്കേസ്: കെ എം ഷാജിയെ ചോദ്യം ചെയ്യുമെന്ന് വിജിലൻസ്, വിശദീകരണത്തിന് കൂടുതൽ സമയം തേടി ഷാജിയുടെ ഭാര്യ

ഭൂമി കയ്യേറി വീട് നിർമിച്ചതിൽ വിശദീകരണം നൽകാൻ കെ എം ഷാജിയുടെ ഭാര്യ കൂടുതൽ സമയം ആവശ്യപ്പെട്ടു. കോഴിക്കോട് കോർപ്പറേഷൻ നോട്ടീസിന് മറുപടി ആയാണ് കൂടുതൽ സമയം ചോദിച്ചത്. 

plus two corruption vigilance may question km shaji mla
Author
Kannur, First Published Dec 20, 2020, 11:21 AM IST

കണ്ണൂർ: പ്ലസ് ടു കോഴ കേസിൽ കെ എം ഷാജി എംഎൽഎയെ ചോദ്യം ചെയ്യുമെന്ന് വിജിലൻസ്. ചോദ്യം ചെയ്യലിന് അടുത്ത ആഴ്ച ഹാജരാകാൻ കെ എം ഷാജിക്ക് നോട്ടീസ് നൽകും. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 2014 ൽ എംഎൽഎ 25 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് വിജിലൻസ് കണ്ണൂർ യൂണിറ്റ് അന്വേഷണം നടത്തുന്നത്. അതേസമയം, ഭൂമി കയ്യേറി വീട് നിർമിച്ചതിൽ വിശദീകരണം നൽകാൻ കെ എം ഷാജിയുടെ ഭാര്യ കൂടുതൽ സമയം ആവശ്യപ്പെട്ടു. കോഴിക്കോട് കോർപ്പറേഷൻ നോട്ടീസിന് മറുപടി ആയാണ് കൂടുതൽ സമയം ചോദിച്ചത്. 

ഡിസംബർ 17 ന് ഹാജരാകാനാണ് കോഴിക്കോട് കോർപ്പറേഷൻ കെ എം ഷാജിയുടെ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നത്. വേങ്ങേരി വില്ലേജിലെ ഭൂമിയിൽ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് കോർപ്പറേഷൻ നോട്ടീസ് അയച്ചത്. ചട്ടവിരുദ്ധമായി വീട് നിർമിച്ച ഭൂമിയിൽ കോർപറേഷൻ സർവേ നടത്തിയാണ് കയ്യേറ്റം കണ്ടെത്തിയത്. ഷാജിയുടെ ഭാര്യ ആശ ഇക്കാര്യത്തിൽ വിശദീകണം നൽകണം. ആശയുടെ പേരിലാണ് ഭൂമി. ഈ ഭൂമിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് എം കെ മുനീറിന്റെ ഭാര്യ നഫീസയുടെ മൊഴി എൻഫോഴ്സ്മെന്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനിടെയാണ് എം കെ മുനീർ എംഎൽഎക്ക് എതിരെയും പരാതി ഉയർന്നത്. കെ എം ഷാജി എംഎൽഎയുടെ വിവാദ ഭൂമി ഇടപാടിൽ എം കെ മുനീറിനും പങ്കെന്നായിരുന്നു പരാതി. ഐ എൻ എൽ നേതാവ് അബ്ദുൾ അസീസാണ് പരാതി നൽകിയത്.

വേങ്ങേരിയിലെ വിവാദമായ വീട് ഇരിക്കുന്ന സ്ഥലം വാങ്ങിയത് ഷാജിയും മുനീറും ചേർന്നെന്ന് പരാതിയിൽ പറയുന്നു. സ്ഥലം രജിസ്റ്റർ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിലാണ്. 92 സെന്റ് സ്ഥലം വാങ്ങിയത് 1.02 കോടി രൂപയ്ക്കാണെന്നും എന്നാൽ ആധാരത്തിൽ കാണിച്ചത് 37 ലക്ഷം രൂപ മാത്രമാണെന്നും പരാതിയിൽ പറയുന്നു. രജിസ്ട്രേഷൻ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങൾ വെട്ടിച്ചെന്നാണ് ആരോപണത്തിൽ ചൂണ്ടിക്കാട്ടുന്നത്.

Follow Us:
Download App:
  • android
  • ios