Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് അധിക പ്ലസ് ടു ബാച്ചുകളും പുതിയ പ്ലസ് ടു ബാച്ചുകളും അനുവദിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം

മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ ആവശ്യം നിറവേറ്റാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് സി. എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ ഉത്തരവ്

Plust Two batch Malappuram Kerala High Court
Author
Kochi, First Published Jul 7, 2022, 8:08 AM IST

മലപ്പുറം: ജില്ലയിലെ ഹയർ സെക്കൻഡറി സീറ്റുകളുടെ അപര്യാപ്ത കണക്കിലെടുത്ത് അധിക ബാച്ചുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് സർക്കാറിനോട് ഹൈകോടതി. ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയിൽ ജില്ല കടുത്ത അസൗകര്യം നേരിടുന്നുവെന്ന് കോടതിയടക്കം കണ്ടെത്തിയ സാഹചര്യത്തിലാണിത്.

മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ ആവശ്യം നിറവേറ്റാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് സി. എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ ഉത്തരവ്. ഹയർ സെക്കൻഡറി പ്രവേശനത്തിന് മുൻ വർഷങ്ങളിൽ ലഭിച്ച അപേക്ഷകളുടെ എണ്ണവും, വിദ്യാഭ്യാസ മേഖലയിലെ ആവശ്യങ്ങൾ വിലയിരുത്താൻ ചുമതലപ്പെടുത്തിയ സംസ്ഥാന തല സമിതിയുടെ ഏറ്റവും പുതിയ ശുപാർശകളും പരിഗണിച്ച് ഇക്കാര്യത്തിൽ ഉടനടി തീരുമാനമെടുക്കണമെന്നാണ് നിർദേശം.  

മലപ്പുറം ജില്ലയിലെ മൂന്നിയൂർ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു മാസത്തിനകം സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിൽ മൂന്ന് അധിക ബാച്ചുകൾ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

വടക്കൻ ജില്ലകളിൽ ഇത്തവണയും പ്ലസ് വൺ സീറ്റ് ക്ഷാമം ഉണ്ടാകുമെന്ന് ആശങ്ക ഉയർന്നിരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ആകും കൂടുതൽ പ്രതിസന്ധി. എന്നാൽ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്ന് ആവർത്തിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്തത്.

എല്ലാ വിഷയങ്ങളിലും എ പ്ലസും നേടിയവരുടെ എണ്ണവും, വിജയ ശതമാനവും ഇക്കുറി കുറവാണ്. പക്ഷെ മുൻ വർഷത്തെക്കാൾ കൂടുതൽ പേർ വിജയിച്ചു. അതിനാൽ സീറ്റ് പ്രതിസന്ധി ഇത്തവണയും ഉണ്ടാകുമെന്നാണ് ആശങ്ക. വടക്കൻ ജില്ലകളിലാകും ക്ഷാമം കൂടുതൽ. മലപ്പുറത്ത് 77,691 പേർ വിജയിച്ചപ്പോൾ 53,225 പ്ലസ് വൺ സീറ്റ് മാത്രമാണുള്ളത്. 43,496 പേർ വിജയിച്ച കോഴിക്കോട് ജില്ലയിൽ 34,472 സീറ്റുകളെയുള്ളൂ.

വയനാട്ടിൽ 11,946 ഉപരി പഠനത്തിന് യോഗ്യത നേടി. എന്നാൽ 8706 സീറ്റുകൾ മാത്രമാണ് ജില്ലയിലുള്ളത്. കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലും സീറ്റുകൾ കുറവാണ്. കഴിഞ്ഞ തവണ വടക്കൻ ജില്ലകളിൽ 79 താൽകാലിക ബാച്ച് അനുവദിച്ചാണ് ഏറെ വിവാദമായ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിച്ചത്. അതേസമയം, ആദ്യ അലോട്ട്മെന്‍റ് കഴിഞ്ഞാൽ സീറ്റ് കുറുവുണ്ടോയെന്ന് വ്യക്തമാകുമെന്നും ക്ഷാമമുള്ള ജില്ലകളിൽ അധിക ബാച്ച് അനുവദിച്ച് എല്ലാവർക്കും കൃത്യസമത്ത് പ്രവേശനം ഉറപ്പാക്കുമെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് വിശദീരിക്കുന്നത്.

Follow Us:
Download App:
  • android
  • ios