പട്ന: മഹാസഖ്യത്തിനെതിരെ ആഞ്ഞടിച്ച് ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍  പ്രധാനമന്ത്രി നരേന്ദ്രമോദി. കാട്ടുഭരണത്തിന്‍റെ യുവരാജാവ് മറ്റൊരു യുവരാജാവുമായുണ്ടാക്കിയ സഖ്യം ജനം തള്ളുമെന്ന് തേജസ്വി യാദവിനും, രാഹുല്‍ഗാന്ധിക്കുമെതിരെ ഒളിയമ്പെയ്ത് പ്രധാനമന്ത്രി പറഞ്ഞു. എന്‍ഡിഎക്ക് കാലിടറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രധാനമന്ത്രി മഹാസഖ്യത്തിനെതിരെ തിരിഞ്ഞത്. 

ആദ്യഘട്ട റാലികളില്‍ ദേശീയതയും, തീവ്രവാദവുമുള്‍പ്പടെയുള്ള  വിഷയങ്ങള്‍ ഉയര്‍ത്തിയ പ്രധാനമന്ത്രി ബിഹാറിനെ മാത്രം കേന്ദ്രീകരിച്ചാണ്  ഇന്ന് സംസാരിച്ചത്. വികസനമെന്ത് എന്നത് ബിഹാര്‍ അറിഞ്ഞത് എന്‍ഡിഎ അധികാരത്തിലേറിയതോടെയാണെന്ന് മോദി അവകാശപ്പെട്ടു. നിതീഷ് കുമാറിന് വോട്ട് ചെയ്താല്‍ ഈ ദുരിത കാലത്ത് വിഷമിക്കേണ്ടിവരില്ല. എന്‍ഡിഎ ബിഹാറില്‍ അധികാരം നിലനിര്‍ത്തുമെന്നവകാശപ്പെട്ട മോദി പ്രതിപക്ഷത്തിന് ബിഹാര്‍ എന്തെന്ന് ഇനിയും മനസിലായിട്ടില്ലെന്ന് പരിഹസിച്ചു. 

കാട്ടുഭരണത്തിന്‍റെ യുവരാജാവെന്ന് തേജസ്വിയെ സംബോധന ചെയ്ത മോദി കോണ്‍ഗ്രസുമായുള്ള സഖ്യത്തെയും അപലപിച്ചു. ബിഹാറില്‍ ഇരട്ട യുവരാജാക്കന്മാര്‍. അതിലൊരാള്‍ പഴയ കാട്ടുഭരണത്തിന്‍റെ യുവരാജാവാണ്. ഈ യുവരാജാക്കന്മാര്‍ക്ക് ബിഹാറില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. എന്‍ഡിഎ  അധികാരം തുടരും എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. 

ആദ്യഘട്ട  വോട്ടെടുപ്പ് കഴിഞ്ഞതോടെ മഹാസഖ്യത്തിന്‍റെ ആത്മവിശ്വാസം കൂടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രധാനമന്ത്രി വീണ്ടും റാലികളെ അഭിസംബോധന ചെയ്യുന്നത്. നിതീഷ് പ്രഭാവത്തിനുണ്ടാകാവുന്ന മങ്ങല്‍ മോദി പ്രഭാവത്തില്‍ തിരിച്ചുപിടിക്കാമെന്നാണ് എന്‍ഡിഎ കണക്ക് കൂട്ടുന്നത്. പ്രാദേശിക വിഷയങ്ങളുയര്‍ത്തി മഹാസഖ്യം പ്രചാരണ രംഗത്ത് മേല്‍ക്കൈ നേടുന്നുവെന്ന വിലയിരുത്തലിന്‍റെ കൂടി പശ്ചാത്തലത്തിലാണ്  ബിഹാറിന്‍റെ രാഷ്ട്രീയ ഭരണ രംഗങ്ങളിലേക്ക് മോദി തിരിഞ്ഞത്.