രാവിലെ 10.10ന് ശംഖമുഖത്ത് എയർഫോഴ്സിന്റെ ഏര്യയിൽ എത്തുന്ന പ്രധാനമന്ത്രിയെ ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് സ്വീകരിക്കും
തിരുവനന്തപുരം: കേരള വികസനത്തിന് നാഴികക്കല്ലാകുന്ന വലിയ റെയിൽവെ വികസന പദ്ധതികൾ ഇന്ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. രാവിലെ 10.10ന് ശംഖമുഖത്ത് എയർഫോഴ്സിന്റെ ഏര്യയിൽ എത്തുന്ന പ്രധാനമന്ത്രിയെ ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് സ്വീകരിക്കും. വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യാനായി പ്രധാനമന്ത്രി 10.30യോടെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തും. ഫ്ലാഗ് ഓഫിനു ശേഷം പ്രധാനമന്ത്രി 11 മണിയോടെ സെൻട്രൽ സ്റ്റേഡിയത്തിലെ ഉദ്ഘാടനം വേദിയിലെത്തും. ഇതിനു ശേഷം 12 മണിയോടെ പ്രധാനമന്ത്രി മടങ്ങിപോകും.
പ്രധാനമന്ത്രിയുടെ തിരുവനന്തപുരത്തെ പരിപാടികൾ
തിരുവനന്തപുരം സെൻട്രൽ റെയിൽവ സ്റ്റേഷനിൽ രാവിലെ 10.30ന് വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. 10.50 വരെ റെയിൽവെ സ്റ്റേഷനിൽ പ്രധാനമന്ത്രി ചെലവഴിക്കും. 11 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ പരിപാടികൾ തുടങ്ങും. 3200 കോടിയിലേറെ രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഡിജിറ്റൽ സയൻസ് പാർക്കിന്‍റെ നിർമാണ ഉദ്ഘാടനം നിർവഗിക്കും.

ദക്ഷിണ റെയിൽവെയുടെ പാലക്കാട്, തിരുവനന്തപുരം ഡിവിഷന് കീഴിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം തുടർന്ന് നടക്കും. തിരുവനന്തപുരം സെൻട്രൽ പ്രധാന ടെർമിനലായും കൊച്ചുവേളിയും നേമവും ഉപ ടെർമിനലായും വികസിപ്പിക്കുന്ന പദ്ധതിയാണിവ. 156 കോടിയാണ് ചെലവ്. തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, നേമം, വര്‍ക്കല, കോഴിക്കോട് സ്റ്റേഷനുകൾ ലോക നിലവാരത്തിലാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യും. വിമാനത്താവള മാതൃകയിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ വികസിപ്പിക്കാൻ 496 കോടിരൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
വര്‍ക്കല ശിവഗിരി സ്റ്റേഷനിൽ നടപ്പാക്കുന്നത് 170 കോടി രൂപയുടെ പുനര്‍നവീകരണമാണ്. നാല് പുതിയ ട്രാക്കുകൾ ഉൾപ്പെടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 473 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. തിരുവനന്തപുരം ഷോർണൂർ സെക്ഷനിലെ ട്രെയിൻ വേഗം 110 കിലോ മീറ്ററാക്കുന്ന പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

