യാക്കോബായ-ഓർത്തഡോക്സ് സഭാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി. ഇരുവിഭാഗത്തില്‍ നിന്നും മൂന്ന് പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.  

ഓര്‍ത്തഡോക്സ് സഭയെ പ്രതിനിതീകരിച്ച് കണ്ടനാട് ഈസ്റ്റ് രൂപത മെത്രാപൊലീത്ത ഡോ തോമസ് മാര്‍ അത്തനേഷ്യസ്, ചെന്നെ രൂപത മെത്രാപൊലീത്ത ഡോ യുഹനോന്‍ മാര്‍ ഡയാസ്കോറസ്, ദില്ലി രൂപത മെത്രാ പൊലീത്ത ഡോ യുഹനോന്‍ മാര്‍ ഡെമെത്രിയോസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. യാക്കോബറ്റ് സഭയെ പ്രതിനിതീകരിച്ച് കൊച്ചി രൂപ മെത്രാപൊലീത്ത ഡോ ജോസഫ് മാര്‍ ഗ്രിഗോറിയസ്, കോട്ടയം രൂപത മെത്രാപൊലീത്ത ഡോ തോമസ് മാര്‍ തിമോത്തിയസ്,ഡോ കുര്യാക്കോസ് മാര്‍ തിയോഫിലോസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഇരുവിഭാഗങ്ങളുടേയും വാദങ്ങള്‍ പ്രധാനമന്ത്രി ശ്രദ്ധാപൂര്‍വ്വം കേട്ടു. ഇരുവിഭാഗങ്ങള്‍ക്കിടയിലും സമാധാനം പുലരേണ്ടതിന്‍റെ ആവശ്യകതയേക്കുറിച്ച് പ്രധാനമന്ത്രി നിരീക്ഷിച്ചു. ഭരണഘടന അനുസരിച്ചുള്ള അവകാശങ്ങളേക്കുറിച്ചും ഇരുവിഭാഗവും പ്രധാനമന്ത്രിയേ ബോധ്യപ്പെടുത്തിയെന്നാണ് ചര്‍ച്ചയ്ക്ക് ശേഷമുള്ള വാര്‍ത്താക്കുറിപ്പുകള്‍ വിശദമാക്കുന്നത്. ഇരുവിഭാഗങ്ങള്‍ക്കിടയിലും സാഹോദര്യം ശക്തമാവേണ്ടതാണെന്നാണ് പ്രധാനമന്ത്രിയുടെ നിരീക്ഷണം. അതിനായി പ്രവര്‍ത്തിക്കുമെന്നാണ് പ്രധാനമന്ത്രി ഇരുവിഭാഗത്തിനും നല്‍കിയ ഉറപ്പ്.