Asianet News MalayalamAsianet News Malayalam

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലേക്ക് പുറപ്പെട്ടു

തൃശ്ശൂര്‍ ശ്രീകൃഷ്ണ കോളേജേ് ഗ്രൗണ്ടിലെ ഹെലിപാടിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുക

PM Modi to visit Guruvayur to attend Suresh Gopi daughter wedding
Author
First Published Jan 17, 2024, 5:59 AM IST

തിരുവനന്തപുരം: ഇന്നലെ വൈകീട്ട് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലേക്ക് പുറപ്പെട്ടു. ഗസ്റ്റ് ഹൗസിൽ നിന്ന് റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രി നാവിക സേനയുടെ വിമാനത്താവളത്തിലേക്ക് പോയത്. ഇവിടെ നിന്ന് ഹെലികോപ്റ്ററിൽ അദ്ദേഹം ഗുരുവായൂരിലേക്ക് പോകും. തൃശ്ശൂര്‍ ശ്രീകൃഷ്ണ കോളേജേ് ഗ്രൗണ്ടിലെ ഹെലിപാടിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുക. പിന്നീട് റോഡ് മാര്‍ഗം തന്നെ തൃപ്രയാര്‍ ക്ഷേത്രത്തിലേക്ക് പോകും. രാവിലെ 8.45നാണ് നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് 12 മണിക്ക് വെല്ലിങ്ടൺ ഐലന്റിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് കൊച്ചി ഷിപ്പ്‌യാര്‍ഡിൽ മൂന്ന് വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. പിന്നീട് ഒന്നരയോടെ മറൈൻ ഡ്രൈവിൽ ബിജെപിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കും. ശേഷം വൈകിട്ടോടെ ദില്ലിക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഗുരുവായൂർ, തൃപ്രയാർ ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂര്‍ത്തിയായി.

കൊച്ചിയിൽ ഇന്ന് 4000 കോടി രൂപയുടെ മൂന്ന് വൻകിട പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ മാരിടൈം വികസന പദ്ധതിയുടെ ഭാഗമാണ് ഈ മൂന്ന് പദ്ധതികളും. കൊച്ചിൻ ഷിപ്പ്‌യാര്‍ഡ‍് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റര്‍നാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റി, ഐ.ഒ.സിയുടെ എൽ പി ജി ഇംപോർട്ട് ടെർമിനൽ എന്നിവയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ.

കൊച്ചി കപ്പല്‍ ശാലയില്‍ 1799 കോടി രൂപ ചിലവിലാണ് ന്യൂ ഡ്രൈ ഡോക്ക് നിര്‍മ്മിച്ചിട്ടുള്ളത്. കുറഞ്ഞ പാരിസ്ഥിതിക ആഘാതം,ഉയര്‍ന്ന സുരക്ഷിതത്വം,മികച്ച പ്രവര്‍ത്തന ക്ഷമത എന്നിവയാണ് ഈ ഡ്രൈ ഡോക്കിന്‍റെ പ്രത്യേകതകള്‍. വെല്ലിംഗ്ടൺ ഐലൻഡിലെ കൊച്ചിൻ പോര്‍ട്ട് അതോറിറ്റിയുടെ 42 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് 970 കോടി രൂപ ചിലവില്‍ രാജ്യാന്തര കപ്പല്‍ അറ്റകുറ്റപണി കേന്ദ്രം ഒരുക്കിയിട്ടുള്ളത്. കൊച്ചിയെ ആഗോള കപ്പല്‍ റിപ്പയര്‍ കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

പുതുവൈപ്പിനിലാണ് 1236 കോടിയുടെ പുതിയ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനല്‍ സ്ഥാപിച്ചിട്ടുള്ളത്. 15400 മെട്രിക് ടൺ സംഭരണ ശേഷിയുള്ള ഈ ടെര്‍മിനല്‍ ദക്ഷിണേന്ത്യയിലെ എല്‍ പി ജി ആവശ്യകത നിറവേറ്റാൻ ശേഷിയുള്ള വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.  എല്‍ പി ജി വിതരണത്തില്‍ പ്രതിവര്‍ഷം 150 കോടിയുടെ ചിലവ് കുറക്കാനും 18000 ടൺ കാര്‍ബൺ പുറന്തള്ളല്‍ കുറക്കാനും ഈ ടെര്‍മിനല്‍ സഹായിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios