Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത്; രണ്ടിടത്ത് പരിപാടികൾ, ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക്

നാളെ ഉച്ചയോടെ തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തും

PM Modi to visit Trivandrum will leave for Tamil Nadu afternoon kgn
Author
First Published Feb 27, 2024, 5:52 AM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്. രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം അവിടെ നിന്ന് വിക്രം സാരാഭായി സ്പേസ് സെന്‍ററിലേക്ക് പോകും. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം ഉച്ചയ്ക്ക് 12 മണിയോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.20 ന് തമിഴ്നാട്ടിലേക്ക് പോകും. നാളെ ഉച്ചയോടെ തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 1.15 ന് മഹാരാഷ്ട്രയിലേക്ക് പോകും.

ഗഗൻയാൻ പദ്ധതി പുരോഗതി വിലയിരുത്തും

​ഗ​ഗൻയാൻ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ യാത്രികരുടെ പേര് വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരം വിഎസ്എസ്‍സിയിൽ വച്ച് മോദി ​ഗ​ഗൻയാൻ പദ്ധതിയുടെ പുരോ​ഗതി വിലയിരുത്തും. ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേ‌ർക്കും ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിക്കും. നാല് പേരും ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാരാണ്. ഇതിൽ ഒരാൾ മലയാളിയാണ്. വിഎസ്എസ്‍സിയിലെ പുതിയ ട്രൈസോണിക് വിൻഡ് ടണൽ, മഹേന്ദ്രഗിരി പ്രൊപ്പൽഷൻ കോംപ്ലക്സിലെ സെമി ക്രയോജനിക് ഇന്റ​ഗ്രേറ്റഡ് എഞ്ചിൻ & സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റി, ശ്രീഹരിക്കോട്ടയിലെ പുതിയ പിഎസ്എൽവി ഇൻ്റഗ്രേഷൻ ഫെസിലിറ്റി. എന്നീ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നാളെ നി‌ർവഹിക്കും,.

ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇന്ന് രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, ശംഖുമുഖം, കൊച്ചുവേളി, സൗത്ത് തുമ്പ റോഡിലും ആള്‍സെയിന്‍റ്സ് ജംക്ഷന്‍ മുതല്‍ പാറ്റൂര്‍, പാളയം, പുളിമൂട് വരെയും വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. സെന്‍ട്രല്‍ സ്റ്റേഡിയം പരിസരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. വിമാനത്താവളത്തിലേക്ക് എത്തുന്നവര്‍ മുന്‍കൂര്‍ യാത്രകള്‍ ക്രമീകരിക്കണം. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്നവര്‍ വെണ്‍പാലവട്ടം, ചാക്ക ഫ്ലൈ ഓവര്‍ ഈഞ്ചക്കല്‍, വലിയതുറ വഴിയും ഇന്‍റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്നവര്‍ അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകേണ്ടതാണ്. നാളെ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയും ഗതാഗത നിയന്ത്രണമുണ്ടാകും. 

തമിഴ്‌നാട്ടിലെ പരിപാടികൾ

കേരളത്തിലെ പരിപാടികൾക്ക് ശേഷം ഉച്ച കഴിഞ്ഞ് കോയമ്പത്തൂരിലെത്തുന്ന മോദി, 2:45ന് തിരുപ്പൂരിലെ ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കും. നാലു മണിയോടെ ഹെലികോപ്റ്ററിൽ മധുരയിലേക്ക്  പോകുന്ന മോദി, ചെറുകിട -ഇടത്തരം വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കും. ഇന്ന് രാത്രി മധുരയിൽ തങ്ങുന്ന മോദി നാളെ തൂത്തുകുടിയിലും തിരുനെൽവേലിയിലും പരിപാടികളിൽ സംബന്ധിക്കും. ഈ വർഷം മൂന്നാം തവണയാണ് മോദി തമിഴ്നാട്ടിൽ എത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios