ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനത്തിന് ശേഷം നരേന്ദ്രമോദി ബിജെപി സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിലും പങ്കെടുക്കും, നാല് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രവര്‍ത്തകരാണ് 'അഭിനന്ദൻ സഭ'യിൽ പങ്കെടുക്കുന്നത്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. രാത്രി 11.45 ന് കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിൽ തങ്ങും . ശനിയാഴ്ച രാവിലെ 8.55 ന് ഗസ്റ്റ് ഹൗസിൽ നിന്ന് ഇറങ്ങി കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് മോദി ഗുരുവായൂര്‍ക്ക് തിരിക്കുക. തുടര്‍ന്ന് നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്ഷേത്രദര്‍ശനത്തിന് ശേഷം ഒരു പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ററി സ്കൂൾ മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിന് പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി പങ്കെടുക്കുന്ന ആദ്യ പൊതുയോഗമെന്ന പ്രത്യേകതയും ഉണ്ട്. അഭിനന്ദൻ സഭ എന്ന പേരിലാണ് ബിജെപി പൊതുയോഗം സംഘടിപ്പിക്കുന്നത്. ഗുരുവായൂര്‍, മണലൂര്‍ ,കുന്ദംകുളം,നാട്ടിക നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെയാണ് മോദി അഭിസംബോധന ചെയ്യുക. 

തിരികെ 12.40ന് ഹെലികോപ്ടറിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 1.55 വരെ എയര്‍പോര്‍ട് ലോഞ്ചിൽ വിശ്രമിക്കും. അതിന് ശേഷം ദില്ലിക്ക് മടങ്ങും.