പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ തെറ്റില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് തോമസ് കെ തോമസ്
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ തെറ്റില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് തോമസ് കെ തോമസ്. കേന്ദ്ര സഹായം ഔദാര്യമല്ലെന്നും നമുക്ക് കിട്ടേണ്ട പണം കിട്ടണം, വിദ്യാഭ്യാസ മേഖലയിൽ പണം കിട്ടാൻ വേണ്ടി ഒപ്പിട്ടതിൽ തെറ്റില്ല. വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന് സഹായിക്കും എന്നും വിഷയം എല്‍ഡിഎഫ് ചർച്ച ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്, സിപിഐയുടേത് എതിർപ്പാണോ, വ്യത്യസ്ത അഭിപ്രായം ആണോ എന്നറിയില്ല, തെറ്റായ കാര്യമാണെങ്കിൽ ഒപ്പിടാൻ മുഖ്യമന്ത്രിയോ മന്ത്രി ശിവൻ കുട്ടിയോ അനുമതി നൽകുമോ? മുന്നണിയിൽ നിന്നു കൊണ്ട് സർക്കാരിനെതിരെ പ്രതിഷേധിക്കുന്നത് ശരിയായ രീതിയല്ല. നിലപാട് എല്‍ഡിഎഫില്‍ അറിയിക്കും എന്നും തോമസ് കെ തോമസ് വ്യക്തമാക്കി.
അതേസമയം പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവെച്ചത് സംബന്ധിച്ച വിവാദങ്ങൾ മുന്നണി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. സിപിഐ ഉയർത്തിയ വിഷയങ്ങളും ഒപ്പുവെച്ച ധാരണയിലെ വ്യവസ്ഥകളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി യോഗം ചേരുന്ന തീയതി തീരുമാനിച്ചിട്ടില്ല. പിഎം ശ്രീ വിവാദം മുന്നണി ചർച്ച ചെയ്തു പരിഹരിക്കും. പിഎം ശ്രീ പദ്ധതി വഴി ദേശീയ വിദ്യാഭ്യാസ നയം കടന്നു വരുന്നുണ്ടോ എന്നും ഇപ്പോൾ ഒപ്പുവെച്ച ധാരണയിലെ വ്യവസ്ഥകളും പരിശോധിക്കും. സിപിഐ ഉയർത്തിയ വിഷയങ്ങളും എൽഡിഎഫ് ചർച്ച ചെയ്യും. എല്ലാ പാർട്ടികളുടെയും അഭിപ്രായം ആരായുമെന്നും പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും ടി പി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
പിഎം ശ്രീയിൽ കടുത്ത എതിര്‍പ്പ് തുടര്‍ന്ന് സിപിഐ
ദില്ലി എകെജി ഭവനിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. തങ്ങളുടെ നിലപാട് പിഎം ശ്രീ കരാര്‍ റദ്ദാക്കണമെന്ന് തന്നെയാണ്. അതിൽ നിന്ന് പിന്നോട്ടില്ല. വിശദമായി വിഷയം ചര്‍ച്ച ചെയ്തു. സിപിഎം ഇതിൽ പുനരാലോചന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡി രാജ പറഞ്ഞു. അതേസമയം, റദ്ദാക്കണമെന്ന സിപിഐയുടെ ആവശ്യം സംസ്ഥാന ഘടകങ്ങള്‍ ചര്‍ച്ച ചെയ്യട്ടെയെന്ന് പറഞ്ഞ എംഎ ബേബി സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തെ ന്യായീകരിച്ചാണ് സംസാരിച്ചത്.



