കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഫിഫ അനുമതികള്‍ വൈകിയതാണ് അര്‍ജന്‍റീന ടീമിന്‍റെ നവംബറിലെ വരവ് തടസപ്പെടാന്‍ കാരണമായത്.
തിരുവനന്തപുരം: അര്‍ജന്‍റീന ഫുട്ബോൾ ടീം കേരളത്തില്‍ കളിക്കാന്‍ വരുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. അതിനായി ഇപ്പോഴും ശ്രമം തുടരുകയാണ്. അര്‍ജന്‍റീന കേരളത്തിലേക്ക് വരുന്നതിനുള്ള വാതിലുകള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഫിഫ അനുമതികള്‍ വൈകിയതാണ് അര്‍ജന്‍റീന ടീമിന്‍റെ നവംബറിലെ വരവ് തടസപ്പെടാന്‍ കാരണമായത്. കൊച്ചി കലൂര്‍ സ്റ്റേഡിയം നവീകരണം നിശ്ചിത സമയത്ത് പൂർത്തിയാക്കും എന്നു കരുതിയാണ് അര്‍ജന്‍റീനയുടെ കേരള സന്ദര്‍ശനത്തിന്‍റെ തീയതികള്‍ പ്രഖ്യാപിച്ചത്. അര്‍ജന്‍റീന നവംബറില്‍ വന്നില്ലെങ്കില്‍ മറ്റൊരിക്കൽ വരും. നമ്മുടെ നാട്ടിലെ ചിലർ ഇ-മെയിൽ അയച്ച് അര്‍ജന്‍റീനയുടെ വരവ് മുടക്കാൻ നോക്കിയെന്നും മന്ത്രി ആരോപിച്ചു.
അര്‍ജന്‍റീന ടീം ഇല്ലാതെ നായകന്‍ ലിയോണല്‍ മെസി മാത്രമായി കേരളത്തിലേക്ക് വരാന്‍ തയാറാണ്. അത് വേണ്ടെന്നാണ് തീരുമാനമെന്നും ഈ നവംബറിൽ തന്നെ അര്‍ജന്‍റീന വരണമെന്നാണ് സർക്കാർ ആവശ്യമെന്നും മന്ത്രി പറഞ്ഞു.അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലിയോണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്പോൺസർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. അംഗോളയിൽ മാത്രം സൗഹൃദ മത്സരം കളിക്കുമെന്ന അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സ്പോണ്‍സറുടെ സ്ഥിരീകരണം വന്നത്.
കേരളം മത്സരത്തിന് സജ്ജമല്ലെന്ന് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ(എഎഫ്എ) ഭാരവാഹികളെ ഉദ്ധരിച്ച് അർജന്‍റീന മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിശ്ചിത സമയത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നവംബർ 17ന് അർജന്‍റീന കൊച്ചിയിൽ കളിക്കുമെന്നായിരുന്നു സർക്കാരും സ്പോൺസറും ഇതുവരെ പറഞ്ഞിരുന്നത്.


