Asianet News MalayalamAsianet News Malayalam

മുഈൻ അലി തങ്ങളുടെ വക്കാലത്തുമായി വരാൻ ജലീൽ ആരാ? ലീഗ് നേതൃത്വം

മുസ്ലിം ലീഗിന്‍റെ കാര്യങ്ങൾ തീരുമാനിക്കാൻ ലീഗിനറിയാം. മുഈൻ അലി തങ്ങളും കെ ടി ജലീലുമായുള്ള ബന്ധമെന്താണ്? മുഈൻ അലിയുടെ വക്കാലത്ത് പറയാൻ കെ ടി ജലീൽ ആരാണ്? - എന്നാണ് പിഎംഎ സലാം ചോദിക്കുന്നത്. 

pma salam reply to kt jaleel muslim league controversy
Author
Malappuram, First Published Aug 7, 2021, 12:18 PM IST

മലപ്പുറം: മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് മുഈൻ അലി തങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നുറപ്പായിരിക്കെ, മുഈൻ അലിയുടെ വക്കാലത്തും കൊണ്ട് വരാൻ കെ ടി ജലീൽ ആരാണെന്ന ചോദ്യവുമായി ലീഗ് നേതൃത്വം രംഗത്ത്. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതിന്‍റെ പേരിൽ മുഈൻ അലി തങ്ങൾക്കെതിരെ നടപടി എടുത്താൽ, വലിയ വില നൽകേണ്ടി വരുമെന്നാണ് കെ ടി ജലീൽ പറഞ്ഞത്. ലീഗിന്‍റെ ഉന്നതാധികാര സമിതി യോഗം പാണക്കാട്ട് ചേരുകയാണ്. ഇതിന് ശേഷം പ്രതികരണം നടത്താമെന്ന് കരുതിയിരുന്ന ലീഗ് നേതൃത്വം എന്നാൽ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് ജലീൽ രംഗത്തെത്തിയതോടെ, ഉടൻ തിരിച്ചടിച്ചു. 

മുസ്ലിം ലീഗിന്‍റെ കാര്യങ്ങൾ തീരുമാനിക്കാൻ ലീഗിനറിയാം. മുഈൻ അലി തങ്ങളും കെ ടി ജലീലുമായുള്ള ബന്ധമെന്താണ്? മുഈൻ അലിയുടെ വക്കാലത്ത് പറയാൻ കെ ടി ജലീൽ ആരാണ്? - എന്നാണ് പിഎംഎ സലാം ചോദിക്കുന്നത്. 

ജലീൽ പറഞ്ഞതെന്ത്?

കുഞ്ഞാലിക്കുട്ടി തന്നെ ഇഡിയുമായി ബന്ധപ്പെട്ട വിഷയം പാണക്കാട് കുടുംബത്തിലെ പലരുമായും സംസാരിച്ചിട്ടുണ്ടെന്നാണ് ജലീൽ പറഞ്ഞത്. അറ്റ കൈക്ക് അതൊക്കെ പുറത്ത് വിടേണ്ടി വരും. അതൊക്കെ പുറത്തുവന്നാൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും കെ ടി ജലീൽ വെല്ലുവിളിക്കുന്നു. 

എല്ലാ കാര്യങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്താൽ കുഞ്ഞാലിക്കുട്ടിക്ക് നല്ലതാണ്. പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താമെന്നാണ് വിചാരമെങ്കിൽ ആ വിചാരം തെറ്റാണ്. 2006-ൽ സംഭവിച്ചതിനപ്പുറം കാര്യങ്ങൾ നീങ്ങും. എല്ലാം കാത്തിരുന്ന് കാണാമെന്നും കെ ടി ജലീൽ മലപ്പുറത്ത് പറഞ്ഞു. 

കടുത്ത ഭാഷയിലുള്ള വെല്ലുവിളിയാണ് കെ ടി ജലീൽ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തുന്നത്. മുഈൻ അലി തങ്ങൾ കെ ടി ജലീലുമായി സംസാരിക്കുന്നുണ്ടെന്നും, വിവരങ്ങൾ കൈമാറുന്നുണ്ടെന്നുമുള്ള ആരോപണങ്ങൾ നേരത്തേ തന്നെ ഉയർന്നിരുന്നതാണ്. തങ്ങളെ പിന്തുണച്ച്, എന്നാൽ പി കെ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി ആക്രമിച്ചാണ് കെ ടി ജലീൽ നേരത്തേയും രംഗത്തെത്തിയത്. ഇപ്പോൾ ജലീൽ മുന്നോട്ട് വയ്ക്കുന്ന ഈ വെല്ലുവിളിയിലൂടെ പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെ വിവരങ്ങൾ പുറത്തേക്ക് പോകുന്നുവെന്നാണ് പരോക്ഷമായി ജലീൽ തന്നെ പറയുന്നത്. ഇത് ലീഗുകാരെ കൂടുതൽ പ്രകോപിപ്പിക്കുന്നതാണ്. തന്‍റെ പ്രസ്താവനയിലൂടെ മുസ്ലിം ലീഗിലെ ഭിന്നതകൾ, നേതൃത്വത്തിനെതിരായ അപസ്വരങ്ങൾ ഇവയെല്ലാം പരമാവധി മൂർദ്ധന്യത്തിലെത്തിക്കുകയാണ് ജലീലിന്‍റെ ലക്ഷ്യം. 

Follow Us:
Download App:
  • android
  • ios