പാലക്കാട്: ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 11 പേരിലൊരാൾ തടവ് പുള്ളി. മുണ്ടൂർ സ്വദേശിയായ ഇയാൾ പോക്സോ കേസിൽ പ്രതിയായി  ആലത്തൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു. കേസിൽ റിമാൻഡിലായതിന് പിന്നാലെ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച് ചട്ടപ്രകാരമുള്ള വൈദ്യപരിശോധന നടത്തിയിരുന്നു. ജില്ലാ ആശുപത്രിയിൽ വച്ചാവാം ഇയാൾക്ക് രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട പൊലീസുകാർ, ആലത്തൂർ സബ് ജയിലിലെ ജീവനക്കാർ, മറ്റു തടവുകാർ എന്നിവരെയെല്ലാം ഇതിനോടകം ക്വാറൻ്റൈനിലേക്കായിട്ടുണ്ട്. ഇയാളെ കൂടാതെ മലപ്പുറം ജില്ലയിലെ ഒരു റിമാൻഡ് പ്രതിക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെ അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് അതിർത്തി ജില്ലയായ പാലക്കാട്. ശനിയാഴ്ച സ്ഥിരീകരിച്ച 11 പോസിറ്റീവ് കേസുകളിൽ 7ഉം സമ്പർക്കം മൂലമെന്നതും ആശയ ഉയർത്തുന്നുണ്ട്. ജില്ലാ ആശുപത്രിയിൽ മാത്രം 14 ആരോഗ്യപ്രവർത്തകർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് 30 പേർക്ക് രോഗമുക്തിയുണ്ടായെങ്കിലും പാലക്കാട്ടെ ആശങ്ക വിട്ടൊഴിയുന്നില്ല. സമ്പർക്കം മൂലം രോഗബാധ ഏറ്റവുമധികം ഉണ്ടായ ഇടങ്ങളിലൊന്നാണ് പാലക്കാട്. ശനിയാഴ്ച റിപ്പോർട്ട് ചെയ്ത രണ്ടു കേസുകളുടെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.  ജില്ലയിൽ ഇതുവരെ 31 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായെന്നാണ് കണക്ക്. ഇതിൽ  വാളയാറിൽ ഉൾപ്പെടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ അടക്കം  ആകെ 22 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ഇതിനകം സ്ഥിരീകരിച്ചു. 

സമൂഹ വ്യാപന സാധ്യത കൂടുതലുളള പ്രദേശമെന്ന് കണക്കിലെടുത്ത് ഹോട്ട് സ്പോട്ടുകളുടെ എണ്ണവും പാലക്കാട് കൂടുതലാണ്. എട്ടിടങ്ങളെക്കൂടി ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തിയതോടെ, പടിഞ്ഞാറൻ മേഖലയ്ക്കൊപ്പം വടക്കഞ്ചേരി, കൊല്ലങ്കോട് മേഖലയും തീവ്രബാധിത പ്രദേശങ്ങളിലുൾപ്പെട്ടു. അതിർത്തി കടന്നെത്തിയവരിലാണ് രോഗബാധ കൂടുതലെന്നത് മാത്രമാണ് സാമൂഹ്യവ്യാപനത്തിലേക്കെത്തിയിട്ടില്ലെന്നതിന് തെളിവായി ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. 

അതേസമയ വീട്ടുനിരീക്ഷണത്തിലുളളവർ നിയന്ത്രണങ്ങൾ പാലക്കാത്തതാണ് രോഗവ്യാപനത്തിന്റെ തോത് കൂടാൻ കാരണമെന്നും വിലയിരുത്തലുണ്ട്. പാലക്കാട് ജില്ലാ ആശുപത്രി ജീവനക്കാരിലെ രോഗബാധ വ്യാപിക്കുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. ജില്ല മെഡിക്കൽ ഓഫീസർ,ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുളള ഉദ്യോഗസ്ഥർ നിലവിൽ വീട്ടുനിരീക്ഷണത്തിലാണ്. 

നിലവിലെ സാഹചര്യത്തിൽ കൂടുതൽ ജീവനക്കാർ നിരീക്ഷണത്തിലാകും. ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ, ഒ. പി വിഭാഗം പാലക്കാട് മെഡി. കോളേജിലേക്ക് മാറ്റാനാണ് ആലോചന. നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിക്കൊപ്പം മാങ്ങോട് മെഡിക്കൽ കോളേജിലാണ് കൊവിഡ് ചികിത്സ ക്രമീകരിച്ചിരിക്കുന്നത്